ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷനിൽ രൂക്ഷമായ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ 10 മാസത്തിനിടെ കമ്മീഷന്റെ വിവിധ നടപടികൾക്കെതിരെ കുറഞ്ഞത് 14 തവണ രേഖാമൂലം എതിർപ്പ് അറിയിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഒരു ദിവസം തന്നെ നാല് എതിർപ്പുകൾ രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ (SIR) നടപടികളുമായി ബന്ധപ്പെട്ട വോട്ടർപട്ടികയിലെ പേരുകൾ ചേർക്കൽ, നീക്കംചെയ്യൽ, പുനഃസ്ഥാപിക്കൽ, അപ്പീലുകൾ, വോട്ടർപട്ടികയുടെ ഡിജിറ്റൽ ഡാറ്റയുടെ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും എതിർപ്പുകൾ ഉയർന്നത്. തങ്ങളുടെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് ചില തീരുമാനങ്ങളും ഉത്തരവുകളും പുറപ്പെടുവിച്ചതെന്നായിരുന്നു കമ്മീഷണർമാരുടെ പരാതിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പുതിയ വോട്ടർമാരുടെ രജിസ്ട്രേഷനുള്ള ഫോം 6-ൽ വരുത്തിയ മാറ്റവും വിവാദമായി. SIR-ന്റെ മുൻ വോട്ടർപട്ടികയിൽ അപേക്ഷകന്റെയോ മാതാപിതാക്കളുടെയോ മുത്തശ്ശൻ-മുത്തശ്ശിയുടെയോ പേര് ഉണ്ടായിരുന്നോയെന്ന് വ്യക്തമാക്കുന്ന ഭാഗം ഫോമിൽ ഉൾപ്പെടുത്തിയതിനെ സന്ധുവും ജോഷിയും ചോദ്യം ചെയ്തതായി റിപ്പോർട്ടുണ്ട്. സന്ധു ഈ മാറ്റം അനധികൃതമാണെന്നും ഉടൻ നീക്കം ചെയ്യണമെന്നും രേഖാമൂലം ആവശ്യപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.
വോട്ടർപട്ടികയുടെ ഡിജിറ്റൽ സംവിധാനങ്ങൾ ഡൽഹിയിൽ കൂടുതൽ കേന്ദ്രീകരിക്കുന്നതിനെതിരെയും ഇരുവരും ആശങ്ക രേഖപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് പട്ടിക സംബന്ധിച്ച ഐ.ടി. സംവിധാനത്തിന്റെ മേൽനോട്ട ചുമതലകളിൽ തങ്ങളുടെ അറിവില്ലാതെ മാറ്റം വരുത്തിയെന്ന പരാതിയുമായി ഇരുവരും കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും കത്തയച്ചതായും റിപ്പോർട്ടുണ്ട്. ഗോവയിൽ സോഫ്റ്റ്‌വെയർ പ്രശ്നത്തെ തുടർന്ന് അർഹരായ 97 വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ തടസ്സമുണ്ടായ സംഭവവും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ റിപ്പോർട്ടിലെ ഭിന്നതാ വാദം തള്ളി. SIR ഉൾപ്പെടെ കമ്മീഷൻ എടുത്ത എല്ലാ തീരുമാനങ്ങൾക്കും മൂന്ന് കമ്മീഷണർമാരുടെയും അംഗീകാരമുണ്ടായിരുന്നെന്നും അന്തിമ തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നെന്നും കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി. കമ്മീഷനിലെ ചർച്ചകളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നത് സ്വാഭാവികമാണെന്നും അവർ അറിയിച്ചു.
2023ലെ നിയമപ്രകാരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും ഉൾപ്പെടുന്ന മൂന്നംഗ കമ്മീഷനാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. അഭിപ്രായവ്യത്യാസമുണ്ടായാൽ ഭൂരിപക്ഷാഭിപ്രായപ്രകാരമാണ് തീരുമാനം എടുക്കേണ്ടത്.

