തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ചാർട്ടേഡ് വിമാനയാത്രയുടെ ചെലവ് ചിപ്സൺ ഏവിയേഷൻ വഹിച്ചതായി രേഖകൾ പുറത്തുവന്നു. യാത്രയ്ക്കായി ജിഎസ്ടി ഉൾപ്പെടെ 19.88 ലക്ഷം രൂപ ചെലവായതായാണ് ഇൻവോയ്സ് രേഖകൾ വ്യക്തമാക്കുന്നത്.
സെപ്റ്റംബർ 21നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്തത്. വിമാന വാടകയായി 16,85,250 രൂപയും 18 ശതമാനം ഐജിഎസ്ടിയായി 3,03,345 രൂപയും ഉൾപ്പെടെ ആകെ 19,88,595 രൂപയാണ് ഇൻവോയ്സിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
യാത്രയ്ക്കായി ഉപയോഗിച്ച വിമാനം കർണാടക മന്ത്രി കെ.ജെ. ജോർജിന്റെ കുടുംബവുമായി ബന്ധമുള്ള കേളചന്ദ്ര ഏവിയേഷന്റേതാണെന്നാണ് റിപ്പോർട്ടുകൾ. വിമാനം ചിപ്സൺ ഏവിയേഷനാണ് ഉപയോഗത്തിനായി ഏർപ്പെടുത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.
യാത്രയ്ക്ക് സർക്കാർ ഖജനാവിൽനിന്ന് പണം ചെലവായിട്ടില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു മലയാളിയായ പരിചയക്കാരൻ വിമാനം ഏർപ്പെടുത്തിയതാണെന്നും സ്പോൺസറുടെ പേര് വെളിപ്പെടുത്തേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
അതേസമയം, സംസ്ഥാന സർക്കാരിന് ഹെലികോപ്റ്റർ സേവനം നൽകിവന്നിരുന്ന ചിപ്സൺ ഏവിയേഷന്റെ കരാർ സെപ്റ്റംബർ 19ന് അവസാനിച്ചിരുന്നു. പുതിയ കരാർ സംബന്ധിച്ച് സർക്കാർ ആലോചനകൾ നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ ചെലവ് കമ്പനി വഹിച്ചതായുള്ള വിവരം പുറത്തുവന്നത്. നേരത്തെ മൂന്ന് വർഷത്തെ കരാർ പ്രകാരം പ്രതിമാസം 80 ലക്ഷം രൂപയാണ് ഹെലികോപ്റ്റർ സേവനത്തിന് സർക്കാർ നൽകിയിരുന്നത്; 25 മണിക്കൂർ പറക്കലാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്.

