യുഎസ് വീണ്ടും ആക്രമിച്ചാൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിക്കാമെന്ന് ഇറാന്റെ മുന്നറിയിപ്പ്

തെഹ്‌റാൻ: യുഎസോ ഇസ്രായേലോ വീണ്ടും ആക്രമണം നടത്തിയാൽ പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിച്ചേക്കാമെന്ന് ഇറാൻ പരമോന്നത നേതാവിന്റെ സൈനിക ഉപദേഷ്ടാവ് യഹ്യ റഹീം സഫാവി മുന്നറിയിപ്പ് നൽകി. ഇറാന്റെ ഫാർസ് വാർത്താ ഏജൻസി പുറത്തുവിട്ട വീഡിയോയിലാണ് സഫാവിയുടെ പരാമർശം.

പേർഷ്യൻ ഉൾക്കടലിൽ നിന്നും ഹോർമുസ് കടലിടുക്കിൽ നിന്നും ചെങ്കടലിലേക്ക് സംഘർഷം വ്യാപിച്ച സാഹചര്യത്തിൽ, അടുത്ത ഘട്ടത്തിൽ യുദ്ധമേഖല ഇന്ത്യൻ മഹാസമുദ്രത്തിലേക്കും അതിനപ്പുറത്തേക്കും വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സഫാവി പറഞ്ഞത്. യുഎസിന്റെയും ഇസ്രായേലിന്റെയും കൂടുതൽ ആക്രമണങ്ങൾ ഉണ്ടായാൽ വിവിധ സാഹചര്യങ്ങൾ നേരിടാനുള്ള പദ്ധതികൾ ഇറാൻ സായുധസേന തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന ബാബ് അൽ-മന്ദബ് മേഖല യുദ്ധത്തിന്റെ പുതിയ മുന്നണിയായി മാറാമെന്നും സഫാവി മുന്നറിയിപ്പ് നൽകി. ഇന്ത്യൻ മഹാസമുദ്രത്തിലെ ഡിയഗോ ഗാർഷ്യയിൽ യുഎസ്-ബ്രിട്ടീഷ് സൈനിക താവളമുണ്ട്.

അതേസമയം, സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്രശ്രമങ്ങളും തുടരുകയാണ്. ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തിനിടെ യുഎസും ഇറാനും തമ്മിൽ ന്യൂയോർക്കിൽ ചർച്ചകൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *