യുഎസ്എസ് എബ്രഹാം ലിങ്കണിലെ എട്ട് നാവികർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി യുഎസ് നാവികസേന

വാഷിങ്ടൺ: യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ ഉൾപ്പെടുന്ന കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിലെ എട്ട് നാവികർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി യുഎസ് നാവികസേന. ആക്ടിങ് നേവി സെക്രട്ടറി ഹങ് കാവോ സെനറ്റർ കിർസ്റ്റൻ ഗില്ലിബ്രാൻഡിന് നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സേനാംഗങ്ങളിൽ ആരും ആത്മഹത്യ ചെയ്തിട്ടില്ലെന്നും കത്തിൽ പറയുന്നു.

കപ്പലിലെ ജീവനക്കാരെ കൂടാതെ കാരിയർ എയർവിങ്, സ്ട്രൈക്ക് ഗ്രൂപ്പ്, ഡിസ്‌ട്രോയർ സ്ക്വാഡ്രൺ, അനുബന്ധ കപ്പലുകൾ, വ്യോമയാന സ്ക്വാഡ്രണുകൾ എന്നിവയിലെ ജീവനക്കാരും കണക്കിൽ ഉൾപ്പെടുന്നു. മാർച്ചിൽ ഒരു നാവികൻ കപ്പലിൽനിന്ന് കടലിലേക്ക് ചാടാനുള്ള ശ്രമം സഹപ്രവർത്തകർ തടഞ്ഞിരുന്നു. ഓഗസ്റ്റിൽ മറ്റൊരു നാവികൻ കടലിൽ വീണെങ്കിലും രക്ഷപ്പെടുത്തി ചികിത്സ നൽകിയ ശേഷം കപ്പലിൽനിന്ന് മാറ്റിയതായും കത്തിൽ പറയുന്നു.

യുഎസ്-ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട ദീർഘകാല വിന്യാസത്തിനിടെയാണ് സംഭവങ്ങൾ. 286 ദിവസം കടലിൽ കഴിഞ്ഞതിനുശേഷം സെപ്റ്റംബർ രണ്ടിന് യുഎസ്എസ് എബ്രഹാം ലിങ്കൺ തായ്‌ലൻഡിലെ ലേം ചബാങ് തുറമുഖത്തെത്തിയിരുന്നു. ദീർഘകാല വിന്യാസവും മാനസിക സമ്മർദവും സംബന്ധിച്ച് നാവികരുടെ കുടുംബങ്ങൾ നേരത്തെ ആശങ്ക ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *