ന്യൂഡൽഹി: ഇന്ത്യയുടെ ഓസ്കർ എൻട്രിയായി മറാത്തി ചിത്രം ‘ഗോന്ധൽ’ തെരഞ്ഞെടുത്തതിനെക്കുറിച്ച് സംവിധായകൻ അനുരാഗ് കശ്യപ് വിമർശനമുന്നയിച്ചു. ഇന്ത്യ ഓസ്കറിനായി പലപ്പോഴും ശരിയായ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നില്ലെന്നും, അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പ്രദർശനവും വിദേശ വിതരണവും ചിത്രങ്ങളുടെ ഓസ്കർ സാധ്യതകൾക്ക് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ‘ദ ലഞ്ച്ബോക്സ്’, ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ തുടങ്ങിയ ചിത്രങ്ങൾ നേരത്തെ തിരഞ്ഞെടുക്കാതിരുന്നതും കശ്യപ് ചൂണ്ടിക്കാട്ടി. അതേസമയം, ‘ഗോന്ധൽ’ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും അതിനാൽ ചിത്രത്തിന്റെ ഓസ്കർ സാധ്യതകളെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്യപിന്റെ പരാമർശത്തിന് ‘ഗോന്ധൽ’ സംവിധായകൻ സന്തോഷ് ദവാഖർ മറുപടി നൽകി. ഈ വർഷം ഏപ്രിൽ 26ന് ബെംഗളൂരു–മുംബൈ വിമാനയാത്രയ്ക്കിടെ കശ്യപിനെ ചിത്രം പരിചയപ്പെടുത്തിയിരുന്നെന്നും, ചിത്രം കണ്ടിട്ടില്ലെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നെന്നും ദവാഖർ വ്യക്തമാക്കി. സിനിമയെക്കുറിച്ച് അഭിപ്രായം രൂപീകരിക്കുന്നതിന് മുമ്പ് ചിത്രം കാണണമെന്നും അദ്ദേഹം പ്രേക്ഷകരോട് ആവശ്യപ്പെട്ടു.
33 ചിത്രങ്ങളിൽ നിന്നാണ് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ ‘ഗോന്ധൽ’ തിരഞ്ഞെടുക്കുന്നത്. 99-ാമത് അക്കാദമി അവാർഡിലെ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലാണ് ചിത്രം ഇന്ത്യയെ പ്രതിനിധീകരിക്കുക.

