ഓച്ചിറ: ഓണാട്ടുകരയിൽ ഇരുപത്തെട്ടാം ഓണത്തിന്റെ ആവേശമുണർത്തി പ്രസിദ്ധമായ ഓച്ചിറ കാളകെട്ടുത്സവത്തിന് തുടക്കമായി. വാദ്യമേളങ്ങളുടെയും വായ്ക്കുരവകളുടെയും അകമ്പടിയോടെ ആവേശോജ്ജ്വലമായ ഘോഷയാത്രകളായാണ് കൂറ്റൻ കെട്ടുകാളകളെ പടനിലത്തേക്ക് നയിക്കുന്നത്.
തലയെടുപ്പോടെ എത്തുന്ന ഭീമൻ കാളരൂപങ്ങളാണ് ഇത്തവണയും പടനിലത്തെ പ്രധാന ആകർഷണം. 72 അടി ഉയരവും 6 ടൺ ഭാരവുമുള്ള വിശ്വപ്രജാപതി കാലഭൈരവൻ, 60 അടി ഉയരമുള്ള രൗദ്ര സ്കന്ദൻ, 56.5 അടി ഉയരമുള്ള ഓണാട്ടുകതിരവൻ എന്നിവയാണ് കാഴ്ചക്കാരുടെ ശ്രദ്ധയാകർഷിക്കുന്ന പ്രധാന കാളരൂപങ്ങൾ. ചരിത്രപ്രസിദ്ധമായ കെട്ടുകാഴ്ച കാണാൻ ആയിരക്കണക്കിന് ഭക്തരും കാണികളുമാണ് പടനിലത്തേക്ക് ഒഴുകിയെത്തുന്നത്.

