നവരാത്രി ഘോഷയാത്ര; മുന്നൊരുക്കങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ

തിരുവനന്തപുരം: നവരാത്രി ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. കേരള-തമിഴ്‌നാട് അതിർത്തിയിലും ഘോഷയാത്രാ റൂട്ടിലും വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട സുരക്ഷാ, അടിസ്ഥാന സൗകര്യ നടപടികളും നിലവിലെ സ്ഥിതിഗതികളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

അതിർത്തി മേഖലകളിലും ഘോഷയാത്ര കടന്നുപോകുന്ന വഴികളിലും പ്രത്യേക സുരക്ഷയും സുഗമമായ ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്താൻ പൊലീസിന് നിർദ്ദേശം നൽകി. തമിഴ്നാട് പൊലീസുമായി ഏകോപനം ഉറപ്പാക്കി അതിർത്തിയിൽ യാത്രക്കാർക്ക് അനാവശ്യ തടസ്സങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ നടപടിയുണ്ടാകും. ഘോഷയാത്ര കടന്നുപോകുന്ന വഴികളിൽ താഴ്ന്നു കിടക്കുന്ന കേബിളുകളും വൈദ്യുതി ലൈനുകളും ഉയർത്തുന്നതിനും തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തി. റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ പി.ഡബ്ല്യു.ഡിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വഴിയോരങ്ങളിൽ അപകടകരമായി നിൽക്കുന്ന മരച്ചില്ലകൾ വെട്ടിയൊതുക്കാനും കാടുകൾ വെട്ടിത്തെളിക്കാനും യോഗത്തിൽ തീരുമാനമായി.

ഘോഷയാത്രയ്ക്കായി എത്തിക്കുന്ന ആനകളുടെ അന്തർസംസ്ഥാന യാത്രയ്ക്കുള്ള എൻ.ഒ.സി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ദേവസ്വം ബോർഡും വനം വകുപ്പും വേഗത്തിലാക്കും. പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ റവന്യൂ ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഫയർഫോഴ്‌സിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രത്യേക സംഘങ്ങൾ ഘോഷയാത്രയെ അനുഗമിക്കും. വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കും. ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി പ്ലാസ്റ്റിക് നിരോധനം കൃത്യമായി പാലിക്കാനും ശുചിത്വ മിഷൻ, നഗരസഭ, പഞ്ചായത്ത് എന്നിവയുടെ ഏകോപനത്തിൽ മാലിന്യ സംസ്കരണം കാര്യക്ഷമമായി ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *