സ്നേഹത്തിന്റെ കരുതലിൽ കുമരകത്തേക്ക്; ദീപ്തി സ്പെഷൽ സ്കൂളിലെ കുട്ടികൾക്ക് മറക്കാനാകാത്ത വിനോദയാത്ര

തീക്കോയി: കായലിന്റെ ഓളങ്ങൾക്കൊപ്പം ചിരിച്ചും കളിച്ചും സ്നേഹത്തിന്റെ തണലിൽ ഒരു ദിവസം മുഴുവൻ ആഘോഷമാക്കി മാറ്റി തീക്കോയി ദീപ്തി ഡി.സി.എം.ആർ സ്പെഷൽ സ്കൂളിലെ കുട്ടികൾ. അരുവിത്തുറ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുമരകം വിനോദയാത്ര കുട്ടികൾക്ക് വേറിട്ടതും സന്തോഷം നിറഞ്ഞതുമായ അനുഭവമായി മാറി. കായൽ യാത്രയുടെ മനോഹാരിത ആസ്വദിച്ചും പ്രകൃതിസൗന്ദര്യം നുകർന്നും ആഹ്ളാദനിമിഷങ്ങൾ പങ്കിട്ട കുട്ടികളുടെ പുഞ്ചിരിയാണ് ഈ സംരംഭത്തിന്റെ യഥാർത്ഥ വിജയമെന്ന് സംഘാടകർ വ്യക്തമാക്കി.

വിനോദയാത്രയുടെ ഫ്ലാഗ് ഓഫ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം യാത്രയ്ക്ക് നേതൃത്വം നൽകി. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ആർ. ശ്രീകല ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ഇടവക വികാരി റവ. ഫാ. ജോർജ്ജ് വെട്ടുകല്ലേൽ അനുഗ്രഹസന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റാൻലി മാണി, അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് റ്റിറ്റോ മാത്യു തെക്കേൽ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

കുമരകത്തെത്തിയ കുട്ടികൾക്കായി സജ്ജീകരിച്ച ഹൗസ്‌ബോട്ട് യാത്ര മുൻ ലയൺസ് ഗവർണർ ജോയ് തോമസ് പൗവ്വത്തിൽ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. കായൽപ്പരപ്പിലൂടെയുള്ള യാത്ര കുട്ടികൾക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിച്ചത്.

ദീപ്തി ഡി.സി.എം.ആർ സ്പെഷൽ സ്കൂൾ മാനേജർ സിസ്റ്റർ റോസ് മാത്യു, പ്രിൻസിപ്പാൾ ജെസി വരകിൽ എന്നിവരും യാത്രയിൽ പങ്കെടുത്തു. ലയൺസ് അംഗങ്ങളായ സ്റ്റാൻലി തട്ടാംപറമ്പിൽ, സുകുമാരൻ പുതിയകുന്നേൽ, ദീപാമോൾ ജോർജ്ജ്, ബിജു പി.വി., മനോജ് മേലുകാവ്, ബിജോയ് വി. ജോർജ്, സി.വി. ജോസഫ് ചക്കാലയ്ക്കൽ, മാത്യു തെക്കൻചേരിൽ, മോളി മാത്യു എന്നിവരുൾപ്പെടെയുള്ള ലയൺസ് ക്ലബ് ഭാരവാഹികളും ഡയറക്ടർ ബോർഡ് അംഗങ്ങളും കുട്ടികൾക്ക് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. കേവലം ഒരു വിനോദയാത്ര എന്നതിലുപരി, സ്നേഹവും കരുതലും പകർന്നുനൽകിയ ഒരുപിടി നല്ല ഓർമ്മകളോടെയാണ് കുട്ടികൾ മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *