ടൗൺസ്‌വിൽ: അംഗീകാരം ലഭിച്ച ഹോം കെയർ ഫണ്ടിംഗിനായുള്ള കാത്തിരിപ്പിനിടെ 2024–25 സാമ്പത്തിക വർഷത്തിൽ ഓസ്‌ട്രേലിയയിൽ മരിച്ചത് 4,800-ലധികം ആളുകളെന്ന് ഞെട്ടിക്കുന്ന കണക്കുകൾ. ടൗൺസ്‌വിലിലെ ഒരു കുടുംബത്തിനുണ്ടായ ദുരനുഭവം പുറത്തുവന്നതോടെ രാജ്യത്തെ വയോജന പരിചരണ സംവിധാനം കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.
അന്നനാളം ബാധിച്ച അർബുദം മൂർച്ഛിച്ചതിനെത്തുടർന്ന് 2024 ഒക്ടോബറിലാണ് ഗെറിറ്റ് ഡി ജോംഗെ എന്ന വയോധികൻ ‘മൈ ഏജ്ഡ് കെയർ’ സഹായത്തിനായി അപേക്ഷ നൽകിയത്. 2026 ജനുവരിയിൽ, അദ്ദേഹത്തിന്റെ ആയുസ്സ് മൂന്ന് മാസത്തിൽ താഴെ മാത്രമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുമ്പോഴും പതിവ് സപ്പോർട്ട് അറ്റ് ഹോം ഫണ്ടിംഗ് ലഭിച്ചിരുന്നില്ല. തുടർന്ന് നൽകിയ പരാതികളെ മാനിച്ച്, വേദന കുറച്ച് എഴുന്നേൽക്കാനും കിടക്കാനും സഹായിക്കുന്ന 4,500 ഡോളറിന്റെ ലിഫ്റ്റ് ചെയർ അനുവദിച്ചെങ്കിലും ഫണ്ടിംഗ് വൈകി. ഒടുവിൽ ജൂൺ അവസാനത്തോടെ ഗെറിറ്റ് മരണത്തിന് കീഴടങ്ങി; അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾക്കായി ഭാര്യ തയ്യാറെടുക്കവെ, മരണം നടന്ന് രണ്ടാഴ്ച കഴിഞ്ഞാണ് അനുവദിച്ച കസേര വീട്ടിലെത്തിയത്.
രാജ്യവ്യാപകമായി ഹോം കെയർ സഹായങ്ങൾക്കുള്ള കാലതാമസം ഇപ്പോഴും അതീവ രൂക്ഷമായി തുടരുകയാണ്. ജൂൺ 30-ലെ കണക്കുകൾ പ്രകാരം ഏകദേശം 1,07,000 ഓസ്‌ട്രേലിയക്കാരാണ് സപ്പോർട്ട് അറ്റ് ഹോം ഫണ്ടിംഗിനായി ഇപ്പോഴും കാത്തിരിക്കുന്നത്. സഹായം ലഭ്യമാകാനുള്ള ശരാശരി കാത്തിരിപ്പ് സമയം പത്ത് മാസത്തോളമാണ്. കാത്തിരിപ്പ് സമയം കുറഞ്ഞുവരികയാണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, അടിയന്തര സഹായങ്ങൾ ഏറ്റവും വേഗത്തിൽ അർഹരിലേക്ക് എത്തണമെന്ന് കെയർ അഡ്വക്കേറ്റുകൾ ശക്തമായി ആവശ്യപ്പെടുന്നു. അത്യാസന്ന നിലയിലുള്ള വയോധികർക്കും രോഗികൾക്കും കൃത്യസമയത്ത് ചികിത്സാസഹായം ലഭിക്കാതെ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ തടയാൻ സമഗ്രമായ അഴിച്ചുപണി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

