ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിവിധ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമായി. വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണം (SIR) ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തിൽ സുതാര്യത വേണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു. പ്രതിഷേധം കണക്കിലെടുത്ത് റൈസീന റോഡിൽ ഡൽഹി പോലീസും അർധസൈനിക വിഭാഗങ്ങളും ബാരിക്കേഡുകൾ സ്ഥാപിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷനിലെ രണ്ട് കമ്മിഷണർമാർ വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചില നടപടികളിൽ പലതവണ ആശങ്കകൾ ഉന്നയിച്ചതായി പുറത്തുവന്ന റിപ്പോർട്ടുകളാണ് പ്രതിഷേധത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. വോട്ടർപട്ടികയിലെ പേരുകൾ ചേർക്കുന്നതും നീക്കം ചെയ്യുന്നതും, വോട്ടർ ഡാറ്റയിലേക്കുള്ള പ്രവേശനം, തിരഞ്ഞെടുപ്പ് സോഫ്റ്റ്‌വെയർ തുടങ്ങിയ വിഷയങ്ങളിലാണ് ആശങ്കകൾ ഉയർന്നതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, കമ്മിഷണർമാർ ഉന്നയിക്കുന്ന വ്യത്യസ്ത അഭിപ്രായങ്ങളും നിർദേശങ്ങളും സ്ഥാപനത്തിന്റെ തീരുമാനപ്രക്രിയയുടെ ഭാഗമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. SIR ഉൾപ്പെടെയുള്ള അന്തിമ തീരുമാനങ്ങൾ ഏകകണ്ഠമായാണ് എടുത്തതെന്നും കമ്മിഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ കർശനമായ സുരക്ഷാ സംവിധാനങ്ങൾക്ക് കീഴിലാണെന്നും എല്ലാ നടപടികളും നിയമാനുസൃതമാണെന്നും കമ്മിഷൻ വ്യക്തമാക്കി.

