ന്യൂയോർക്ക്: തുടർച്ചയായ രണ്ടാം വർഷവും യുഎസ് വിസ നിഷേധിച്ചതിനെ തുടർന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് യുഎൻ പൊതുസഭയെ മുൻകൂട്ടി റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. റാമല്ലയിലെ ഓഫീസിൽ നിന്നാണ് 81-ാം പൊതുസഭാ സമ്മേളനത്തിൽ അബ്ബാസ് സംസാരിച്ചത്.
പലസ്തീൻ പ്രതിനിധികൾക്ക് യുഎൻ പൊതുസഭയിൽ നേരിട്ട് പങ്കെടുക്കാനുള്ള അവസരം നിഷേധിച്ച യുഎസ് നടപടിയെ അബ്ബാസ് വിമർശിച്ചു. പലസ്തീൻ പ്രശ്നം അന്താരാഷ്ട്ര നിയമത്തിന്റെയും നയതന്ത്രത്തിന്റെയും മാർഗത്തിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന തങ്ങളെ ശിക്ഷിക്കുന്നതിന് പകരം നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പലസ്തീൻ രാഷ്ട്ര രൂപീകരണത്തിനുള്ള സാധ്യതയെ ബാധിക്കുന്നതിനപ്പുറം ഇസ്രയേൽ നയങ്ങൾ പലസ്തീൻ ജനതയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഘട്ടത്തിലെത്തിയെന്നാണ് അബ്ബാസിന്റെ ആരോപണം. അധിനിവേശം അവസാനിപ്പിച്ച് രണ്ട് രാഷ്ട്ര പരിഹാരം നടപ്പാക്കണമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
അതേസമയം, പലസ്തീൻ പ്രതിനിധികൾക്ക് വിസ നിഷേധിച്ചതിന് യുഎസ് ചൂണ്ടിക്കാട്ടിയ കാരണങ്ങളിൽ അന്താരാഷ്ട്ര കോടതികളിലെ നടപടികളടക്കമുള്ള വിഷയങ്ങൾ ഉൾപ്പെടുന്നു. അബ്ബാസിന് വീഡിയോ സന്ദേശത്തിലൂടെ പൊതുസഭയെ അഭിസംബോധന ചെയ്യാൻ സെപ്റ്റംബർ 17ന് യുഎൻ പൊതുസഭ 152-3 വോട്ടിന് അനുമതി നൽകിയിരുന്നു; നാല് രാജ്യങ്ങൾ വിട്ടുനിന്നു.

