ഇടുക്കി: മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇടുക്കിയിലെ അവലോകന യോഗത്തിനുശേഷം പുറത്തിറങ്ങിയപ്പോഴാണ് സംഭവം. ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. തുടർന്ന് മാധ്യമപ്രവർത്തകരോട് മാറിനിൽക്കാൻ ആവശ്യപ്പെടുകയും പൊലീസിനോട് അവരെ മാറ്റാൻ നിർദേശിക്കുകയും ചെയ്തു.
മലപ്പുറം മഴക്കെടുതി വിലയിരുത്താൻ സ്വകാര്യമായി ക്രമീകരിച്ച ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്തതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയോട് മാധ്യമങ്ങൾ നേരത്തെ വിശദീകരണം തേടിയത്. യാത്രയ്ക്ക് ചെലവായ തുക സർക്കാർ ഖജനാവിന് ബാധ്യതയായിട്ടില്ലെന്നും, ആവശ്യമെങ്കിൽ ഇത്തരം യാത്രകൾ വീണ്ടും സ്വീകരിക്കുമെന്നും സതീശൻ വ്യക്തമാക്കിയിരുന്നു. വിമാനയാത്ര ഒരുക്കിയ വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല.
യാത്രയുടെ സ്പോൺസറുടെ പേര് വെളിപ്പെടുത്താത്തതിനെതിരെ സിപിഎം, സിപിഐ നേതാക്കൾ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

