ഗ്യാനേഷ് കുമാറിന്റെ ഉത്തർപ്രദേശിലെ രണ്ട് പരിപാടികൾ മാറ്റിവച്ചു

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പങ്കെടുക്കേണ്ടിയിരുന്ന ഉത്തർപ്രദേശിലെ രണ്ട് പരിപാടികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റിവച്ചു. മീററ്റിലും വാരണാസിയിലും നടത്താനിരുന്ന വോട്ടർ സാക്ഷരതാ ക്ലബ് (ELC) പരിപാടികളാണ് മാറ്റിയത്. സെപ്റ്റംബർ 25ന് മീററ്റിലും സെപ്റ്റംബർ 28ന് വാരണാസിയിലുമായിരുന്നു പരിപാടികൾ നിശ്ചയിച്ചിരുന്നത്.

പരിപാടികൾ മാറ്റിവച്ചത് തിരഞ്ഞെടുപ്പ് കമ്മിഷനിലെ നിലവിലെ വിവാദങ്ങളുമായി ബന്ധപ്പെട്ടല്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. സെപ്റ്റംബർ 21ന് തന്നെ പരിപാടികൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചിരുന്നതായും വേദിയുടെ ലഭ്യത, ഉന്നത ഉദ്യോഗസ്ഥരുടെ സമയക്രമം, പ്രകൃതിസാഹചര്യങ്ങൾ തുടങ്ങിയ വിവിധ കാരണങ്ങളാൽ പരിപാടികളുടെ തീയതിയിൽ മാറ്റം വരുത്തുന്നത് സാധാരണ നടപടിയാണെന്നും കമ്മിഷൻ അറിയിച്ചു.

സ്കൂൾ, കോളജ് വിദ്യാർഥികളെയും ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങുന്ന യുവാക്കളെയും തിരഞ്ഞെടുപ്പ് നടപടികളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായുള്ളതാണ് ELC പരിപാടികൾ. പരിപാടികൾ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *