തിരുവനന്തപുരം: ബാങ്കുകളുടെ പേരിലും ലോഗോ വെച്ചും വാട്സാപ്പിലൂടെ വ്യാജ സന്ദേശങ്ങളയച്ച് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പ്. ‘കെവൈസി അപ്ഡേറ്റ് ചെയ്യാത്തതിനാൽ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുന്നു, അക്കൗണ്ട് പുനഃസ്ഥാപിക്കാൻ ഒപ്പമുള്ള എപികെ (APK) ഫയൽ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക’ എന്ന തരത്തിലാണ് ഉപഭോക്താക്കൾക്ക് തട്ടിപ്പ് സന്ദേശങ്ങൾ ലഭിക്കുന്നത്.
ഇത്തരം സന്ദേശങ്ങളോടൊപ്പം വരുന്ന എപികെ ഫയലുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ അരുത്. ഇത്തരം വ്യാജ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ മൊബൈലിലെ സ്വകാര്യ വിവരങ്ങൾ, ബാങ്കിംഗ് വിവരങ്ങൾ, ഒടിപി എന്നിവ തട്ടിപ്പുകാർക്ക് ചോർത്തിയെടുക്കാനും അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടാനും സാധ്യതയുണ്ട്.
കെവൈസി സംബന്ധിച്ച് വരുന്ന സന്ദേശങ്ങളുടെ ആധികാരികത എപ്പോഴും ഉറപ്പുവരുത്തേണ്ടതുണ്ട്. സംശയകരമായ സാഹചര്യങ്ങളിൽ സന്ദേശങ്ങളിലെ ലിങ്കുകളിലോ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാതെ, ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ കസ്റ്റമർ കെയർ നമ്പർ എന്നിവ വഴി മാത്രം വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കുക. ഒടിപി, എടിഎം പിൻ, സിവിവി, പാസ്വേഡ്, യുപിഐ പിൻ തുടങ്ങിയ രഹസ്യ വിവരങ്ങൾ ആരുമായും പങ്കുവെക്കരുത്.
ഏതെങ്കിലും തരത്തിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ വിവരം ഒരു മണിക്കൂറിനകം (Golden Hour) 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ അറിയിക്കേണ്ടതാണ്.

