ഫീൽഡ് മാർഷൽ കരിയപ്പയുടെ കാൻബെറ പാരമ്പര്യം അനുസ്മരിച്ച് ഹൈക്കമ്മീഷണർ നാഗേഷ് സിംഗ്

കാൻബെറ: ഓസ്‌ട്രേലിയയിലെ കോമൺവെൽത്ത് ക്ലബ്ബിന്റെ കാപ്പിറ്റൽ ലക്ചർ പരമ്പരയിൽ ഇന്ത്യ–ഓസ്‌ട്രേലിയ നയതന്ത്ര ബന്ധത്തിന്റെ ആഴവും ചരിത്രപരമായ അടിത്തറയും അനുസ്മരിച്ച് ഇന്ത്യൻ ഹൈക്കമ്മീഷണർ നാഗേഷ് സിംഗ് സംസാരിച്ചു. ഇന്തോ-പസഫിക് കാഴ്ചപ്പാടുകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിലും വന്ന പുരോഗതി അദ്ദേഹം ചൂണ്ടിക്കാട്ടി. 1954-ൽ കാൻബെറയിൽ കോമൺവെൽത്ത് ക്ലബ്ബ് സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മുൻ ഇന്ത്യൻ ഹൈക്കമ്മീഷണറും ഇന്ത്യയുടെ ആദ്യ ഫീൽഡ് മാർഷലുമായ കെ. എം. കരിയപ്പയുടെ സുപ്രധാന സംഭാവനകളെ അദ്ദേഹം പ്രസംഗത്തിൽ പ്രത്യേകം അനുസ്മരിച്ചു.

1953-ൽ ഓസ്‌ട്രേലിയയിൽ ഹൈക്കമ്മീഷണറായി എത്തിയ ഫീൽഡ് മാർഷൽ കരിയപ്പ, നയതന്ത്ര ഉദ്യോഗസ്ഥർക്കും പ്രാദേശിക സമൂഹത്തിനും തുല്യരായി ഒത്തുചേരാൻ നിഷ്പക്ഷമായ ഒരു പൊതു ഇടം വേണമെന്ന ആശയം അന്നത്തെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സർ റോബർട്ട് മെൻസീസുമായി പങ്കുവെക്കുകയായിരുന്നു. ഈ ആശയത്തിന് ലഭിച്ച പിന്തുണയെ തുടർന്നാണ് 1954-ൽ കോമൺവെൽത്ത് ക്ലബ്ബ് നിലവിൽ വന്നത്. 116 സ്ഥാപകാംഗങ്ങളുമായി ആരംഭിച്ച ക്ലബ്ബ്, തുടക്കം മുതൽ വനിതകൾക്കും അംഗത്വം നൽകി മാതൃകയായി. ചരിത്രപ്രസിദ്ധമായ ഓൾഡ് കാൻബെറ ഹൗസിൽ ആരംഭിച്ച ക്ലബ്ബ് 1965-ലാണ് യാരലംലയിലെ ഇപ്പോഴത്തെ സ്ഥാനത്തേക്ക് മാറിയത്.

‘വൈറ്റ് ഓസ്‌ട്രേലിയ’ പോളിസിക്കെതിരെ ഇന്ത്യ ശക്തമായ വിമർശനം ഉയർത്തിയിരുന്ന അക്കാലത്തെ സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളിലും, കാൻബെറയിലെ സാമൂഹിക-നയതന്ത്ര രംഗങ്ങളിൽ അടുത്ത സൗഹൃദങ്ങളും ബഹുമാനവും നേടിയെടുക്കാൻ കരിയപ്പയ്ക്ക് കഴിഞ്ഞിരുന്നുവെന്ന് ചരിത്രകാരന്മാർ വിലയിരുത്തുന്നുണ്ട്. ആ ചരിത്രപരമായ ബന്ധങ്ങളെ സമകാലിക ഇന്ത്യ–ഓസ്‌ട്രേലിയ പങ്കാളിത്തവുമായി ബന്ധിപ്പിച്ച നാഗേഷ് സിംഗ്, വ്യാപാരം, വിദ്യാഭ്യാസം, പ്രതിരോധം, സാങ്കേതികവിദ്യ, സുപ്രധാന ധാതുക്കൾ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുകയാണെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *