മുംബൈ: മഴയിലെ വലിയ കുറവും ദീർഘമായ വരൾച്ചയും മൂലം മഹാരാഷ്ട്രയിൽ സ്ഥിതി രൂക്ഷമായി. സംസ്ഥാനത്തെ 358 താലൂക്കുകളിൽ 265 എണ്ണത്തിൽ സർക്കാർ വരൾച്ച പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തിന്റെ ഏകദേശം 74 ശതമാനം താലൂക്കുകൾ വരൾച്ചബാധിത പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടു.
മരാഠ്വാഡ, വടക്കൻ മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് മഴക്കുറവ് കൂടുതൽ പ്രകടമായത്. ഖാരിഫ് വിളകളായ സോയാബീൻ, പരുത്തി, ഉഴുന്ന് തുടങ്ങിയവയ്ക്ക് വ്യാപക നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ചില മേഖലകളിൽ വിളനാശം 80 മുതൽ 90 ശതമാനം വരെ എത്തുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
മരാഠ്വാഡയിൽ സെപ്റ്റംബർ 20 വരെ ലഭിച്ച മഴ സീസണൽ ശരാശരിയുടെ 71 ശതമാനം മാത്രമായിരുന്നു. മേഖലയിലെ അണക്കെട്ടുകളിലെയും ജലസംഭരണികളിലെയും ജലനിരപ്പും സമ്മർദത്തിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വരൾച്ചബാധിത താലൂക്കുകളിൽ വിളനാശം സംബന്ധിച്ച പരിശോധനകൾ നടത്താനും ആവശ്യമായ ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കുടിവെള്ളത്തിനും കാലിത്തീറ്റയ്ക്കും മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.

