കാഠ്മണ്ഡു: നേപ്പാളിലെ മനാങ് ജില്ലയിലെ ഹിംലംഗ് ഹിമാൽ പർവതത്തിലെ ബേസ് ക്യാമ്പിൽ ഞായറാഴ്ചയുണ്ടായ ഹിമപാതത്തിൽ പർവതാരോഹകരും സഹായ ജീവനക്കാരും ഉൾപ്പെടെ 10 പേരെ കാണാതായി. 7,126 മീറ്റർ ഉയരമുള്ള ഹിംലംഗ് ഹിമാൽ പർവതത്തിലെ നാർ–ഫു മേഖലയിലാണ് അപകടമുണ്ടായത്.
തുടർച്ചയായ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും പിന്നാലെയാണ് ഹിമപാതമുണ്ടായത്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഭൂരിഭാഗം പർവതാരോഹകരും താഴ്ന്ന പ്രദേശങ്ങളിലേക്ക് മടങ്ങിയിരുന്നെങ്കിലും ചിലർ ബേസ് ക്യാമ്പിൽ തുടരുകയായിരുന്നു. ഹിമപാതത്തിൽ ക്യാമ്പിലെ ടെന്റുകൾ മൂടപ്പെട്ടതിനെ തുടർന്നാണ് ഇവരുമായുള്ള ബന്ധം നഷ്ടപ്പെട്ടത്.
കാണാതായവരിൽ എട്ട് പേർ Himalayan Holidays Nepal സംഘത്തിലും രണ്ട് പേർ Imagine Nepal Treks സംഘത്തിലുമുള്ളവരാണെന്നാണ് പ്രാഥമിക വിവരം. നേപ്പാൾ ടൂറിസം വകുപ്പ് ഉൾപ്പെടെയുള്ള അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും കാണാതായവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് തടസമാകുന്നുണ്ട്.

