മാമലക്കണ്ടത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാക്കും; ഡീൻ കുര്യാക്കോസ് എം.പി

എറണാകുളം: പ്രകൃതിരമണീയതയും അഡ്വഞ്ചർ ടൂറിസത്തിനുള്ള അവസരങ്ങളും ഒത്തിണങ്ങിയ മാമലക്കണ്ടത്തെ ജില്ലയിലെ മുൻനിര വിനോദസഞ്ചാര കേന്ദ്രമായി വളർത്തിയെടുക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. മാമലക്കണ്ടം എസ്.എൻ.ഡി.പി. ഹാളിൽ ലോക ടൂറിസം ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തടസ്സങ്ങളെല്ലാം മറികടന്ന് പ്രദേശത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി വികസനപദ്ധതികൾ നടപ്പാക്കുമെന്നും, കേരളത്തിലെ തന്നെ മികച്ച ടൂറിസം ഇടമായി മാമലക്കണ്ടത്തെ മാറ്റിയെടുക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഷിബു തെക്കുംപുറം എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണവും ജില്ലാ കളക്ടർ പ്രിയങ്ക ജി. മുഖ്യാതിഥിയായും പങ്കെടുത്തു. കോതമംഗലത്തെ വിനോദസഞ്ചാര രംഗത്തിന്റെ ഉന്നതിയിലെത്തിക്കാനുള്ള പ്രയാണത്തിന് മാമലക്കണ്ടത്തുനിന്നാണ് തുടക്കമിടുന്നതെന്ന് എം.എൽ.എ. ചൂണ്ടിക്കാട്ടി. പരിസ്ഥിതിക്കും തനത് ജീവിതശൈലികൾക്കും കോട്ടംതട്ടാതെ വിനോദസഞ്ചാര സാധ്യതകൾ വികസിപ്പിക്കുന്നത് നാട്ടുകാർക്ക് കൂടുതൽ തൊഴിൽ-വരുമാന മാർഗ്ഗങ്ങൾ ഒരുക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാർ തെരഞ്ഞെടുക്കുന്ന 20 ടൂറിസം ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ മാമലക്കണ്ടത്തെ ഉൾപ്പെടുത്താൻ ശുപാർശ നൽകുമെന്ന് ജില്ലാ കളക്ടർ പ്രിയങ്ക ജി. പ്രഖ്യാപിച്ചു. പ്രകൃതിഭംഗി, ട്രക്കിങ് ഉൾപ്പെടെയുള്ള സാഹസിക വിനോദങ്ങൾ, തദ്ദേശീയ സംസ്കാരം എന്നിവ മുൻനിർത്തിയുള്ള സമഗ്രവികസനമാണ് ലക്ഷ്യമിടുന്നതെന്നും കളക്ടർ പറഞ്ഞു.

ദിനാചരണത്തിന്റെ തുടക്കമായി രാവിലെ മേട്നപ്പാറ ഉന്നതിയിലെത്തിയ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥ സംഘത്തിനും മൂപ്പന്റെ നേതൃത്വത്തിൽ തനത് ശൈലിയിലുള്ള ആചാരപരമായ വരവേൽപ്പ് നൽകി. ഒപ്പം ആദിവാസി വിഭാഗത്തിന്റെ പരമ്പരാഗത വിഭവമായ ‘കുമ്പംകാച്ചി’യും ഒരുക്കിയിരുന്നു. തദ്ദേശവാസികളുടെ പരമ്പരാഗത നൃത്തച്ചുവടുകൾക്കൊപ്പം എം.പിയും എം.എൽ.എയും കളക്ടറും പങ്കുചേർന്നത് വേറിട്ട അനുഭവമായി.

ഔദ്യോഗിക ഉദ്ഘാടനത്തിന് പിന്നാലെ മാമലക്കണ്ടത്തുനിന്ന് കൊയ്നിപ്പാറയിലേക്ക് പ്രതിനിധികൾ ട്രക്കിങ് നടത്തി. പരിസ്ഥിതിസൗഹൃദ ടൂറിസം പദ്ധതികൾ വഴി പ്രദേശത്തിന്റെ മനോഹാരിത പുറംലോകത്തെത്തിക്കാനുള്ള നടപടികൾക്കാണ് ഇതോടെ തുടക്കമായത്. സെന്റ് പീറ്റേഴ്‌സ് കോളജ്, മാർ ഏലിയാസ് കോളജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുൾപ്പെടെ വൻ ജനാവലി പരിപാടിയിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *