റോഡുകളിലെ വൻ കുഴികൾ ജീവനെടുക്കുന്നു; വിക്ടോറിയൻ പാർലമെന്റിന് മുന്നിൽ ആയിരക്കണക്കിന് ബൈക്ക് യാത്രികര്‍ പ്രതിഷേധിച്ചു

മെൽബൺ: വിക്ടോറിയയിലെ തകർന്ന റോഡുകൾ അടിയന്തരമായി നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഇരുചക്രവാഹന യാത്രികർ വിക്ടോറിയൻ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച മൂവായിരത്തിലധികം ആളുകളാണ് സ്പ്രിംഗ് സ്ട്രീറ്റിലെ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ഒത്തുചേർന്നത്. ‘റോഡുകൾ നന്നാക്കൂ’ എന്ന മുദ്രാവാക്യങ്ങളുമായി എത്തിയ യാത്രികരെക്കൊണ്ട് പ്രദേശം മുഴുവൻ നിറഞ്ഞു.

കഴിഞ്ഞ മാസം ട്രവല്ലയ്ക്കടുത്തുള്ള വെസ്റ്റേൺ ഹൈവേയിൽ ബൈക്കിൽ നിന്ന് വീണ് 71-കാരനായ പീറ്റർ ‘ടികി’ മേസൺ മരിച്ച സംഭവത്തിന് പിന്നാലെയാണ് ബൈക്ക് യാത്രികർ സംഘടിതമായി തെരുവിലിറങ്ങിയത്. ഈ അപകടത്തിന്റെ യഥാർത്ഥ കാരണം പോലീസ് ഇപ്പോഴും അന്വേഷിച്ചുവരികയാണ്. തങ്ങളുടെ സുഹൃത്തുക്കളെ നിരന്തരം അടക്കം ചെയ്ത് മടുത്തുവെന്നും ഇനിയും ഇത് കണ്ടുനിൽക്കാനാവില്ലെന്നും റാലി സംഘാടകനായ മൈക്കൽ വൈറ്റ് രോഷത്തോടെ പ്രതികരിച്ചു.

വിക്ടോറിയയിലെ സംസ്ഥാന പാതകളിൽ ‘മോശം’ അല്ലെങ്കിൽ ‘വളരെ മോശം’ എന്ന് അടയാളപ്പെടുത്തിയ റോഡുകളുടെ അനുപാതം 2021-ലെ 39 ശതമാനത്തിൽ നിന്ന് 2024 ആയപ്പോഴേക്കും 48 ശതമാനമായി ഉയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ, റോഡുകളിലെ കുഴികൾ ഇരട്ടി വേഗത്തിൽ അടച്ചുതീർക്കുന്നതിനായി വിക്ടോറിയൻ സർക്കാർ ഈ വർഷം അധികമായി 35.2 കോടി ഡോളർ അനുവദിച്ചിട്ടുണ്ട്. എന്നിരുന്നാലും, പകുതിയോളം റോഡുകളും അപകടകരമായ അവസ്ഥയിലായിരിക്കെ റോഡ് സുരക്ഷ അടിയന്തര അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *