മെൽബൺ: ഓസ്ട്രേലിയയിലെ സർക്കാർ, കാത്തലിക്, സ്വതന്ത്ര, ഇസ്ലാമിക് സ്കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബുർഖ, നിഖാബ് തുടങ്ങിയ പൂർണ്ണ മുഖാവരണങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പോളിൻ ഹാൻസന്റെ വൺ നേഷൻ പാർട്ടി പുതിയ വിദ്യാഭ്യാസ നയം മുന്നോട്ടുവെച്ചു.
വിദ്യാഭ്യാസ വക്താവും വിക്ടോറിയൻ ഉപരിസഭാ സ്ഥാനാർത്ഥിയുമായ കൊളീൻ ഹാർക്കിനാണ് ഈ നിർദ്ദേശം പ്രഖ്യാപിച്ചത്. സ്കൂളുകളിൽ ആശയവിനിമയം, സുരക്ഷാ പരിശോധന (ഐഡന്റിഫിക്കേഷൻ), ക്ലാസ് മുറികളിലെ പരസ്പര ഇടപെടലുകൾ എന്നിവ സുഗമമാക്കാൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരസ്പരം മുഖം കാണാൻ കഴിയേണ്ടത് അനിവാര്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
അതേസമയം, മുഖം മറയ്ക്കാത്ത ഹിജാബിന് ഈ നിർദ്ദേശത്തിൽ നിരോധനം ഏർപ്പെടുത്തിയിട്ടില്ല. മുഖം വ്യക്തമായി കാണാൻ സാധിക്കുന്നതിനാൽ ഹിജാബ് തുടരുന്നതിൽ തടസ്സമുണ്ടാകില്ലെന്ന് പാർട്ടി വ്യക്തമാക്കി. ക്ലാസ് മുറികളിലെ മുഖം തുറന്നുള്ള ഇടപെടലുകൾ നിർബന്ധമാക്കണമോ അതോ നിലവിലുള്ള മതസ്വാതന്ത്ര്യ സംരക്ഷണങ്ങൾ അതേപടി തുടരണമോ എന്നതിനെച്ചൊല്ലി വലിയ ചർച്ചകൾക്കാണ് ഈ പ്രഖ്യാപനം വഴിതുറന്നിരിക്കുന്നത്

