വളർത്തുനായ കൊല്ലപ്പെട്ടു; പ്രതിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നായയുടെ ജഡവുമായി ഉടമ കളക്ടറേറ്റിൽ

മധുര: വളർത്തുനായ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ പൊലീസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉടമ നായയുടെ ജഡവുമായി കളക്ടറേറ്റിലെത്തി പ്രതിഷേധിച്ചു. പ്രതിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കുന്നത് വരെ നായയെ സംസ്കരിക്കില്ലെന്ന കർശന നിലപാടിലാണ് ഉടമസ്ഥയായ ജയപാണ്ടിയമ്മാൾ.

അയൽവാസിയായ ശരണ്യ എന്ന സ്ത്രീ വീടിന്റെ മേൽക്കൂരയിൽ നിന്ന് തടിക്കഷണം താഴെ നിന്നിരുന്ന നായയുടെ മേലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് ജയപാണ്ടിയമ്മാൾ ആരോപിക്കുന്നു. ഏറുകൊണ്ട് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നായയെ ഉടൻ തന്നെ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേദിവസം മരണപ്പെടുകയായിരുന്നു. തുടർന്ന് നീതി ആവശ്യപ്പെട്ട് ഇവർ നായയുടെ ജഡവുമായി കളക്ടറേറ്റിലേക്ക് എത്തുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ച് ഇവർ മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *