നീലഗിരി: കനത്ത മഴ തുടരുന്ന നീലഗിരിയിൽ കൂനൂർ-മേട്ടുപ്പാളയം റോഡിലേക്ക് കൂറ്റൻ പാറക്കല്ല് ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ ദാരുണമായി മരിച്ചു. ഊട്ടി സ്വദേശിയും മുൻ വ്യോമസേനാ ഉദ്യോഗസ്ഥനുമായ ബി. കൃഷ്ണമൂർത്തിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും ബന്ധുവിനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി നീലഗിരി മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. മേട്ടുപ്പാളയത്തുള്ള ബന്ധുവിന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാനായി ബി. കൃഷ്ണമൂർത്തി, ഭാര്യ, മകൻ എന്നിവരടക്കം അഞ്ചുപേർ കാറിൽ സഞ്ചരിക്കവേയാണ് അപകടം സംഭവിച്ചത്. യാത്രയ്ക്കിടെ മലമുകളിൽനിന്ന് കൂറ്റൻ പാറക്കല്ല് ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

