തൊടുപുഴ: സംസ്ഥാന കായിക വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഫുട്ബോൾ വികസന-ബോധവൽക്കരണ പദ്ധതിയായ ‘ഗോൾ’ പദ്ധതിയുടെ ഭാഗമായുള്ള കായിക ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ് നിർവഹിച്ചു. തൊടുപുഴ നിയോജകമണ്ഡലത്തിലെ സ്കൂളുകൾക്കും ക്ലബ്ബുകൾക്കുമുള്ള ഫുട്ബോളും അനുബന്ധ കായിക ഉപകരണങ്ങളുമാണ് വിതരണം ചെയ്തത്. തൊടുപുഴ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പി.എ. സലിം കുട്ടി സ്വാഗതം പറഞ്ഞു.
സംസ്ഥാന കായിക ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിവിധ അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് മുന്നോടിയായി ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരവും സോക്കർ സ്കൂളിൽ അരങ്ങേറി. നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി ആറ് ടീമുകളാണ് സൗഹൃദ മത്സരത്തിൽ മാറ്റുരച്ചത്.
ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ബേബി വർഗീസ്, ഉഷാകുമാരി എം.റ്റി, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സൈജൻ സ്റ്റീഫൻ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി സജീവ് എം.എച്ച്, ജില്ലാ സോഫ്റ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി എബിൻ വിൽസൺ, ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫ് ഡെഫ് അസോസിയേഷൻ സെക്രട്ടറി പ്രശാന്ത് കെ.കെ, ജില്ലാ തൈക്കോണ്ടോ അസോസിയേഷൻ പ്രസിഡന്റ് നിവാസ് എ.ജെ, ജില്ലാ ഹോക്കി അസോസിയേഷൻ ട്രഷറർ മിനി അഗസ്റ്റിൻ, ജില്ലാ റോൾ ബോൾ അസോസിയേഷൻ ട്രഷറർ ഷിജി ജെയിംസ്, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഇൻ-ചാർജ് ദീപ്തി മരിയ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

