ചങ്ങരംകുളം: ഹിംസയെ നേരിടേണ്ടത് സർഗാത്മകതയിലൂടെയും സ്നേഹത്തിലൂടെയുമാണെന്ന് പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. ചങ്ങരംകുളം സംസ്കൃതി സ്കൂളിൽ ആരംഭിച്ച കെ.പി.എസ്.എ സഹോദയ കലോത്സവത്തിലെ ഓൺസ്റ്റേജ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കല അഭ്യസിച്ച കുട്ടികൾ ഒരിക്കലും കുറ്റവാളികളാകില്ലെന്നും കുട്ടികളിൽ മാനവികത നട്ടുവളർത്തുന്നത് കലകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളുടെ മനസ്സിൽ സ്നേഹവും സഹജീവികളോടുള്ള കരുതലും വളർത്തിയെടുക്കുന്നതിൽ കലകൾക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കെ.പി.എസ്.എ പ്രസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. കെ.പി.എസ്.എ സംസ്ഥാന പ്രസിഡന്റ് പി.പി. യൂസഫ് അലി മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി ജയൻ കമ്പ്രാത്ത് സ്വാഗതവും സംസ്കൃതി സ്കൂൾ പ്രിൻസിപ്പൽ അജീഷ് ജോസഫ് നന്ദിയും രേഖപ്പെടുത്തി.
സഹോദയ സ്റ്റേറ്റ് കോർഡിനേറ്റർ പ്രമോദ് തലാപ്പിൽ, സ്റ്റേറ്റ് സെക്രട്ടറി ലത്തീഫ് പാണക്കാട്, പ്രസിഡന്റ് എ.പി. അഷ്റഫ്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി. അശ്വതി, ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം, വാർഡ് മെമ്പർ സത്യൻ കോട്ടയിൽ തുടങ്ങിയവർ പങ്കെടുത്തു.

