ഗാർഹിക പീഡനങ്ങൾക്കെതിരെ ‘സ്പീക് അപ്’ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഗാർഹിക പീഡന പരാതികൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുമായി ആഭ്യന്തരവകുപ്പ്. ഇതിന്റെ ഭാഗമായി ‘സ്പീക് അപ്’ എന്ന പേരിൽ പുതിയ പദ്ധതിക്ക് ആഭ്യന്തരവകുപ്പ് തുടക്കം കുറിച്ചു. സതിയെന്ന ദുരാചാരം മുൻപ് അവസാനിപ്പിച്ചെങ്കിലും വീടുകളുടെ അകത്തളങ്ങളിൽ മറ്റൊരു രൂപത്തിൽ അത് ഇപ്പോഴും തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രി പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി പരാതി നൽകുന്ന സ്ത്രീകളുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്ന് നോഡൽ ഓഫീസറായ ഐ.ജി അജീതാ ബീഗം വ്യക്തമാക്കി.

സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായ പീഡനങ്ങൾക്കിരയായ കൊല്ലത്തെ യുവതിയുടെ ശരീരത്തിലെ മുറിപ്പാടുകളുടെ ദൃശ്യങ്ങൾ അടുത്തിടെ വലിയ ചർച്ചയായിരുന്നു. സ്ത്രീധന പീഡനത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട വിസ്മയ, ഉത്ര എന്നിവരുടെ ദാരുണ സംഭവങ്ങൾ സൃഷ്ടിച്ച പ്രതിഷേധങ്ങൾക്കും പ്രഖ്യാപിക്കപ്പെട്ട വിവിധ പദ്ധതികൾക്കും ശേഷവും സമാനമായ പരാതികൾ സംസ്ഥാനത്ത് ആവർത്തിക്കുകയാണ്.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ 92 സ്ത്രീകളാണ് ഗാർഹിക പീഡനത്തെ തുടർന്ന് സംസ്ഥാനത്ത് ജീവനൊടുക്കിയത്. പതിനയ്യായിരത്തോളം പരാതികളും ഈ കാലയളവിൽ പൊലീസിന് മുന്നിലെത്തി. വിസ്മയയുടെ മരണത്തെ തുടർന്ന് മുൻപ് പൊലീസ് ‘അപരാജിത’ എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചിരുന്നുവെങ്കിലും ഉദ്യോഗസ്ഥ-ഭരണ മാറ്റങ്ങളോടെ അത് മെല്ലെപ്പോക്കിലാവുകയായിരുന്നു. ഓരോ ദാരുണ മരണങ്ങളും ചർച്ചയാകുമ്പോൾ പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്തത് ഇപ്പോഴും വലിയൊരു വെല്ലുവിളിയായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *