കൊപ്പം ഹോമിയോ ഡിസ്പെൻസറി നാടിന് സമർപ്പിച്ചു; പ്രാഥമിക ചികിത്സാരംഗം ശക്തിപ്പെടുത്തണമെന്ന് മന്ത്രി കെ. മുരളീധരൻ

കൊപ്പം: പ്രാഥമിക ചികിത്സാരംഗം ശക്തിപ്പെടുത്തി രോഗികൾ നേരിട്ട് മെഡിക്കൽ കോളേജ് പോലുള്ള ഉന്നത സ്ഥാപനങ്ങളിലേക്ക് പോകുന്നത് കുറയ്ക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. കൊപ്പം സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയുർവേദവും ഹോമിയോപ്പതിയും ഉൾപ്പെടെയുള്ള പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങൾ സംരക്ഷിക്കുന്നതിൽ ആയുഷ് വകുപ്പ് വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യ രംഗത്തിന്റെ അടിത്തറയാണ് ഡിസ്പെൻസറികൾ. പ്രാഥമിക ഘട്ടത്തിൽ തന്നെ ജനങ്ങൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ഇത്തരം സ്ഥാപനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ചെറിയ രോഗങ്ങൾക്ക് പോലും നേരിട്ട് മെഡിക്കൽ കോളേജുകളെ ആശ്രയിക്കുന്ന പ്രവണതയ്ക്ക് മാറ്റം വരണമെന്നും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഡിസ്പെൻസറികളിലും തന്നെ മികച്ച ചികിത്സ ഉറപ്പാക്കാൻ ആരോഗ്യപ്രവർത്തകർ ശ്രദ്ധിക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

നാഷണൽ ആയുഷ് മിഷൻ അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ചാണ് 881 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം നിർമിച്ചത്. പരിശോധനാ മുറി, ഫാർമസി എന്നിവയ്ക്ക് പുറമെ മുലയൂട്ടുന്ന അമ്മമാർക്കുള്ള പ്രത്യേക മുറി, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ശുചിമുറികളും റാമ്പും, സ്റ്റോർ റൂം, കാത്തിരിപ്പ് മുറി തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൊട്ടിലിങ്ങൽ തൊടി ഫാത്തിമ, അലവി ഹാജി എന്നിവരുടെ സ്മരണയ്ക്കായി മകൻ അബ്ദുൽ ലത്തീഫ് സൗജന്യമായി വിട്ടുനൽകിയ 10 സെന്റ് സ്ഥലത്താണ് ഡിസ്പെൻസറി ഉയർന്നത്. ചടങ്ങിൽ അബ്‌ദുൽ ലത്തീഫിനെ ആദരിച്ചു.

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാമദാസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.കെ. ശ്രീകണ്ഠൻ എം.പി മുഖ്യാതിഥിയായി.

Leave a Reply

Your email address will not be published. Required fields are marked *