പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് സംഘടിപ്പിക്കുന്ന ജനകീയ മാലിന്യപരിപാലന ക്യാമ്പയിനായ ‘നിര്‍മലം 2026’-ന്റെ ജില്ലാതല ഉദ്ഘാടനം വി.കെ. ശ്രീകണ്ഠന് എം.പി നിര്‍വഹിച്ചു. പാലക്കാട് നഗരസഭാ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി. സ്മിതേഷ് അധ്യക്ഷത വഹിച്ചു. മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുക, ഉറവിടത്തില്‍ തന്നെ തരംതിരിക്കുക, ശാസ്ത്രീയമായ ശേഖരണവും സംസ്കരണവും ഉറപ്പാക്കുക, പുനരുപയോഗവും പുനഃചംക്രമണവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യങ്ങളെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഹമീത ജലീസ വിശദീകരിച്ചു.
ചടങ്ങിൽ പാലക്കാട് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ടി. ബേബി, ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ടി.എസ്. മീനാക്ഷി, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എം. രാമന്‍കുട്ടി, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി. ഉണ്ണികൃഷ്ണന്, ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. വരുണ്‍ എന്നിവർ സംസാരിച്ചു. കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന് എന്നിവയുടെ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.

