പെർത്തിൽ യുവാവ് വീട്ടുമുറ്റത്ത് കൊല്ലപ്പെട്ട നിലയിൽ; ഇരട്ട സഹോദരൻ പിടിയിൽ

പെർത്ത്: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ പെർത്തിൽ 29-കാരനെ വീടിന്റെ പിന്നാമ്പുറത്ത് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഇരട്ട സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച (ഒക്ടോബർ 8) ഉച്ചയ്ക്ക് 2.20-ഓടെ ഒറേലിയയിലെ നൈ വേയിലുള്ള വീട്ടിലാണ് സംഭവം. വീട്ടിലുള്ളവരെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടയാളുടെ ശരീരത്തിൽ ഗുരുതരമായ പരിക്കുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇതേ വീട്ടിൽ ഒപ്പം താമസിച്ചിരുന്ന ഇരട്ട സഹോദരനെ സംഭവസ്ഥലത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവസ്ഥലത്തുനിന്ന് മൂർച്ചയേറിയ ആയുധങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മരണകാരണമായത് ഈ ആയുധങ്ങളാണോ എന്ന് സ്ഥിരീകരിക്കാൻ ഫൊറൻസിക് പരിശോധന പുരോഗമിക്കുകയാണ്. നിലവിൽ പ്രതിക്കെതിരെ ഔദ്യോഗികമായി കുറ്റം ചുമത്തിയിട്ടില്ലെന്നും പ്രദേശത്ത് മറ്റ് സുരക്ഷാ ഭീഷണികളൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *