സിഡ്നി: ഓസ്ട്രേലിയയിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ദേശീയ ഭിന്നശേഷി ഇൻഷുറൻസ് പദ്ധതിയിൽ (എൻ.ഡി.ഐ.എസ്) 1.89 മില്യൺ ഡോളറിന്റെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ സർവീസ് പ്രൊവൈഡർ സ്ഥാപനത്തിന്റെ ഡയറക്ടർ അറസ്റ്റിൽ. സിഡ്നി സ്വദേശിയായ ജയ്ദീപ് സിംഗ് (36) ആണ് പിടിയിലായത്. വെള്ളിയാഴ്ച പെൻറിത് ലോക്കൽ കോടതിയിൽ ഹാജരാക്കിയ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
നികുതിപ്പണം ഉപയോഗിച്ച് ഭിന്നശേഷിക്കാർക്കായി നൽകുന്ന ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്തെന്ന പരാതിയിൽ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. 2020 മാർച്ച് മുതൽ 2024 ജനുവരി വരെയുള്ള കാലയളവിൽ നൽകാത്ത സേവനങ്ങളുടെ പേരിൽ വ്യാജ ഇൻവോയ്സുകൾ സമർപ്പിച്ച് കോമൺവെൽത്ത് ഫണ്ട് തട്ടിയെടുത്തുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സർക്കാർ ഫണ്ട് വഞ്ചനാപരമായി കൈക്കലാക്കിയതിന് 12 കുറ്റങ്ങളും അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട ഒരു കുറ്റവും ഉൾപ്പെടെ 13 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
നേരത്തെ നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ 2025 മേയിൽ എൻ.ഡി.ഐ.എസ് കമ്മീഷൻ ഇയാളെ വിലക്കുകയും ഇയാളുമായി ബന്ധപ്പെട്ട പ്രൊവൈഡർ സ്ഥാപനത്തിന് സ്ഥിരം വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാളുടെ ഉടമസ്ഥതയിലുള്ള 40 മില്യൺ ഡോളറിലധികം മൂല്യമുള്ള 38 വസ്തുവകകളും 16 വാഹനങ്ങളും കണ്ടുകെട്ടാൻ അധികൃതർ ഉത്തരവ് തേടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സിവിൽ നടപടികൾ ന്യൂ സൗത്ത് വെയിൽസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

