മെൽബൺ: ഒരു മാസത്തെ ഭാഗ്യക്കുറിയിലൂടെ 13.75 മില്യൺ ഡോളർ (ഏകദേശം 114 കോടിയിലധികം രൂപ) വിലമതിക്കുന്ന കടൽത്തീര ആഡംബര വസതി സ്വന്തമാക്കി ഓസ്ട്രേലിയയിലെ വിക്ടോറിയൻ കുടുംബം. കാരവാനിൽ ഓസ്ട്രേലിയ മുഴുവൻ ചുറ്റിക്കറങ്ങി വിക്ടോറിയയിൽ വാടകവീടെടുത്ത് താമസം തുടങ്ങി വെറും നാല് ദിവസത്തിനകമാണ് മിഷേൽ-ടിം ദമ്പതികളെയും അവരുടെ നാല് മക്കളെയും തേടി ‘ഡ്രീം ഹോം ആർട്ട് യൂണിയന്റെ’ ഭാഗ്യവാർത്ത എത്തുന്നത്.
പ്രതിമാസം 50 ഡോളർ വരിസംഖ്യയുള്ള ലോട്ടറി സബ്സ്ക്രിപ്ഷനിലൂടെയാണ് കൂലൻഗട്ടയിലെ റെയിൻബോ ബേയ്ക്ക് അഭിമുഖമായുള്ള പഞ്ചനക്ഷത്ര ആഡംബര സബ്-പെന്റ്ഹൗസ് കുടുംബത്തിന് സമ്മാനമായി ലഭിച്ചത്. അഞ്ച് കിടപ്പുമുറികളും അഞ്ച് ബാത്ത്റൂമുകളും എല്ലാ അത്യാധുനിക സൗകര്യങ്ങളുമുള്ള അതിമനോഹരമായ വീടാണിത്. എന്നാൽ കോടികൾ വിലമതിക്കുന്ന ഈ കൊട്ടാരസദൃശ്യമായ വസതി കണ്ട കുട്ടികളെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് അവിടെയുണ്ടായിരുന്ന ‘ഫോർ സ്ലൈസ് ടോസ്റ്റർ’ ആയിരുന്നു. എല്ലാവർക്കും ഒരേസമയം ബ്രെഡ് ടോസ്റ്റ് ചെയ്തു കഴിക്കാൻ സാധിക്കുമെന്നതാണ് കുട്ടികളെ ഇതിലേക്ക് ആകർഷിച്ചത്. ഈ ടോസ്റ്റർ തങ്ങളുടെ പ്രധാന വീട്ടിലേക്ക് കൊണ്ടുപോകാനാണ് കുട്ടികളുടെ തീരുമാനം.
അതേസമയം, സമ്മാനമായി ലഭിച്ച ഈ ആഡംബര അപ്പാർട്ട്മെന്റ് വിൽക്കാനാണ് മാതാപിതാക്കളുടെ തീരുമാനം. ഇതിൽ നിന്ന് ലഭിക്കുന്ന തുക ഉപയോഗിച്ച് വിക്ടോറിയയിൽ സ്വന്തമായി സ്വപ്നഭവനം നിർമ്മിക്കാനും മക്കളുടെ ഭാവിക്കായി സുരക്ഷിത നിക്ഷേപങ്ങൾ നടത്താനുമാണ് ദമ്പതികൾ പദ്ധതിയിടുന്നത്.

