ഗുണ്ടാസംഘ തലവനെ വധിക്കാൻ ഗൂഢാലോചന; സിഡ്നിയിൽ മുപ്പതുകാരി അറസ്റ്റിൽ, ജാമ്യം നിഷേധിച്ചു

സിഡ്നി: സംഘടിത കുറ്റകൃത്യ സംഘത്തിലെ പ്രമുഖനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ മുപ്പതുകാരിയെ ഓസ്‌ട്രേലിയൻ പൊലീസ് അറസ്റ്റ് ചെയ്തു. ടാസ്‌ക്‌ഫോഴ്‌സ് ഫാൽക്കൺ ഡിറ്റക്ടീവുകളും റാപ്റ്റർ സ്ക്വാഡും സംയുക്തമായി ഒക്ടോബർ 9 വെള്ളിയാഴ്ച, രാവിലെ 6.20-ഓടെ ഇംഗിൾബേണിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് യുവതി പിടിയിലായത്. കൊലപാതകത്തിനായുള്ള ഗൂഢാലോചന, അനുമതിയില്ലാതെ വാഹനം ഉപയോഗിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കാംപ്ബെൽടൗൺ ലോക്കൽ കോടതിയിൽ ഹാജരാക്കിയ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

ഇതേ കേസിൽ നേരത്തെ അറസ്റ്റിലായ മറ്റ് ആറുപേരുടെ വിചാരണ കോടതിയിൽ പുരോഗമിക്കുകയാണ്. കൊലപാതകം ലക്ഷ്യമിട്ട് ഇരയെ രഹസ്യമായി നിരീക്ഷിക്കൽ, വ്യാജ വാഹനങ്ങൾ തയാറാക്കൽ, കൊലപാതകത്തിന് ശേഷം രക്ഷപ്പെടാനുള്ള ഡ്രൈവർമാരെ ഏർപ്പാടാക്കൽ, മറ്റ് ഏകോപനങ്ങൾ എന്നിവയടക്കം കൃത്യമായ ആസൂത്രണത്തോടെയാണ് സംഘം പ്രവർത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

2025 സെപ്റ്റംബർ 26-ന് ബാങ്ക്‌സ്‌ടൗണിൽ വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ച ബി.എം.ഡബ്ല്യു കാർ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ സംഭവത്തോടെയാണ് ഈ കേസിലെ അന്വേഷണം ആരംഭിക്കുന്നത്. അന്ന് സുരക്ഷ മുൻനിർത്തി പൊലീസ് പിന്തുടരുന്നത് അവസാനിപ്പിച്ചെങ്കിലും ഫെയർഫോർഡ് റോഡിൽ നിന്ന് വെടിയുണ്ടകൾ നിറച്ച തോക്ക് കണ്ടെടുത്തിരുന്നു. പിന്നീട് റെവെസ്ബിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറും തോക്കും വിശദമായ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് കൊലപാതക ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *