ഓറഞ്ച് (ന്യൂ സൗത്ത് വെയിൽസ്): കേരളത്തിന്റെ കലയും സാഹിത്യവും സംസ്കാരവും ഓസ്‌ട്രേലിയൻ മണ്ണിൽ ആഘോഷമാക്കാൻ കേരളനാട് മൾട്ടികൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കേരളീയം 2026’ നവംബർ 16-ന് ഓറഞ്ചിൽ അരങ്ങേറും. കേരള സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രശസ്ത സാഹിത്യ-സാംസ്കാരിക പ്രവർത്തകൻ കെ. ഉണ്ണികൃഷ്ണൻ വിശിഷ്ടാതിഥിയാകും.
മലയാള സിനിമ-നാടക രംഗത്തെ പ്രമുഖ നടൻ പ്രമോദ് വെളിയനാട് അവതരിപ്പിക്കുന്ന നാടകമാണ് പരിപാടിയുടെ പ്രധാന ആകർഷണം. ‘മാടൻമോക്ഷം’ ഉൾപ്പെടെയുള്ള പ്രശസ്ത നാടകങ്ങളിലൂടെ അഭിനയമികവ് തെളിയിച്ച പ്രമോദ് വെളിയനാടിന്റെ വേദിയിലെ സാന്നിധ്യം പ്രവാസികൾക്ക് വേറിട്ട കലാവിരുന്നാകും. ചടങ്ങിൽ കെ. ഉണ്ണികൃഷ്ണനെയും പ്രമോദ് വെളിയനാടിനെയും കേരളനാട് ഏർപ്പെടുത്തിയ ‘പത്മരാഗം’ പുരസ്കാരം നൽകി ആദരിക്കും. കൂടാതെ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പത്ത് മലയാളി ബിസിനസ് സംരംഭകർക്ക് ബിസിനസ് അവാർഡുകളും സമ്മാനിക്കും.
എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിജു ജേക്കബിന്റെ നേതൃത്വത്തിൽ ഒരു മുറിയിൽ കുറച്ചു പുസ്തകങ്ങളുമായി ആരംഭിച്ച കേരളനാട് വായനശാല, ഇന്ന് ബഹുസാംസ്കാരിക വേദിയായി വളർന്നതിന്റെ തുടർച്ചയായാണ് ഈ മഹാസംഗമം സംഘടിപ്പിക്കുന്നത്. പുതിയ തലമുറയിൽ വായനാശീലവും മാതൃഭാഷാ സ്നേഹവും വളർത്തുന്നതിനൊപ്പം വിവിധ സംസ്കാരങ്ങളെ ഒന്നിപ്പിക്കുക കൂടിയാണ് ലക്ഷ്യം.
ഓസ്‌ട്രേലിയയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരും കലാകാരന്മാരും അണിനിരക്കുന്ന സംഗീത-നൃത്ത പരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറും. പൂർണ്ണമായും സൗജന്യമായി പ്രവേശനം ഒരുക്കിയിരിക്കുന്ന പരിപാടിയിലേക്ക് ഓസ്‌ട്രേലിയയിലെ മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

