ഒമാൻ തീരത്ത് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

മസ്‌കത്ത്: ഒമാനിലെ സോഹാർ തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരുന്ന കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ ജീവനക്കാരിൽ ഒൻപത് പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.

ഒക്ടോബർ 11-നാണ് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോൾഫിൻ എന്ന ടാങ്കറിന് നേരെ ആക്രമണമുണ്ടായത്. ഒമാനിലെ സോഹാർ ആങ്കറേജ് മേഖലയിലായിരുന്നു സംഭവം. കാണാതായ നാവികരെ കണ്ടെത്തുന്നതിനായി പ്രാദേശിക കോസ്റ്റ് ഗാർഡുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനം തുടരുകയാണ്.

ഒമാനിലെ ഇന്ത്യൻ എംബസി സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണ്. ബന്ധപ്പെട്ട അധികാരികളുമായും കപ്പൽ ഉടമകളുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും കാണാതായവരെ കണ്ടെത്താനുള്ള നടപടികൾക്ക് പിന്തുണ നൽകുന്നുണ്ടെന്നും എംബസി അറിയിച്ചു.

സംഭവത്തെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. വാണിജ്യ കപ്പലുകൾക്കും നാവികർക്കും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ സംഘർഷം ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്നും അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ കപ്പൽഗതാഗതം ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *