കെയ്‌റോ: ഈജിപ്തിലെ കെയ്‌റോയിൽ നടക്കുന്ന ഐഎസ്എസ്എഫ് റൈഫിൾ, പിസ്റ്റൾ ലോകകപ്പിൽ ഇന്ത്യയുടെ ഉദയ്‌വീർ സിദ്ദുവിന് സ്വർണം. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ 240.6 പോയിന്റ് നേടിയാണ് 24കാരനായ താരം സ്വർണ മെഡൽ സ്വന്തമാക്കിയത്.
ഫൈനലിൽ ജർമനിയുടെ ഒളിംപിക് മെഡൽ ജേതാവ് ക്രിസ്റ്റ്യൻ റെയ്‌റ്റ്‌സിനെ 0.5 പോയിന്റിനാണ് ഉദയ്‌വീർ മറികടന്നത്. 240.1 പോയിന്റ് നേടിയ റെയ്‌റ്റ്‌സ് വെള്ളിയും ഇറ്റലിയുടെ പാവോലോ മോന്ന 219.8 പോയിന്റോടെ വെങ്കലവും നേടി.
യോഗ്യതാ റൗണ്ടിൽ 585 പോയിന്റുമായി നാലാം സ്ഥാനത്തെത്തിയാണ് ഉദയ്‌വീർ എട്ടുപേർ മത്സരിച്ച ഫൈനലിലേക്ക് യോഗ്യത നേടിയത്. അവസാന രണ്ട് ഷോട്ടുകൾക്ക് മുമ്പ് റെയ്‌റ്റ്‌സിനേക്കാൾ 0.3 പോയിന്റ് പിന്നിലായിരുന്ന ഇന്ത്യൻ താരം, അവസാന ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് വിജയം ഉറപ്പിച്ചു.
25 മീറ്റർ പിസ്റ്റൾ ഇനങ്ങളിൽ ജൂനിയർ തലത്തിൽ ലോക ചാമ്പ്യൻഷിപ്പ് നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഉദയ്‌വീറിന്റെ സീനിയർ ഐഎസ്എസ്എഫ് ലോകകപ്പിലെ ആദ്യ സ്വർണമാണിത്. ഇന്ത്യയുടെ ജോനാഥൻ ഗാവിൻ ആന്റണി യോഗ്യതാ റൗണ്ടിൽ 586 പോയിന്റ് നേടിയെങ്കിലും റാങ്കിങ് പോയിന്റുകൾക്കു മാത്രമാണ് മത്സരിച്ചത്. അജേന്ദ്ര സിങ് ചൗഹാൻ 580 പോയിന്റോടെ 14-ാം സ്ഥാനത്തും സർബ്ജോത് സിങ് 574 പോയിന്റോടെ 31-ാം സ്ഥാനത്തുമെത്തി.

