സിഡ്നി: ന്യൂ സൗത്ത് വെയിൽസിലെ ഏറ്റവും വലിയ ദീപാവലി ആഘോഷങ്ങളിലൊന്നിന് ആതിഥേയത്വം വഹിക്കാൻ ന്യൂകാസിൽ ഒരുങ്ങുന്നു. യൂണിവേഴ്സിറ്റി ഓഫ് ന്യൂകാസിൽ ഇന്ത്യൻ പാർട്ണർഷിപ്പ് അഡ്വൈസറി കമ്മിറ്റിയും യൂണിവേഴ്സിറ്റി ഓഫ് ന്യൂകാസിലും ചേർന്ന് സിറ്റി ഓഫ് ന്യൂകാസിലിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ‘യൂണിപാക് മെഗാ ദീപാവലി 2026’ ഒക്ടോബർ 31 ശനിയാഴ്ച നടക്കും. ന്യൂകാസിലിലെ ഫോർഷോർ പാർക്കിൽ ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി പത്തു മണിവരെയാണ് ആഘോഷപരിപാടികൾ അരങ്ങേറുന്നത്. സിഡ്നിയിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമുള്ള പ്രവാസികളുൾപ്പെടെ ഇരുപതിനായിരത്തോളം പേരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. പ്രവേശനം പൂർണമായും സൗജന്യമാണ്.
യൂണിവേഴ്സിറ്റി ഓഫ് ന്യൂകാസിൽ സ്റ്റുഡന്റ്സ് അസോസിയേഷൻ , ഇന്ത്യൻ സ്റ്റുഡന്റ്സ് അസോസിയേഷൻ എന്നിവരും പ്രാദേശിക സ്പോൺസർമാരും ചേർന്നാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. ലൈവ് മ്യൂസിക്, നൃത്തങ്ങൾ, വിവിധ കലാസാംസ്കാരിക പരിപാടികൾ, ഫുഡ് സ്റ്റാളുകൾ, വിപണന മേളകൾ, കുട്ടികൾക്കായുള്ള കിഡ്സ് സോൺ, വെൽനസ് സോൺ, വടംവലി മത്സരം തുടങ്ങി കുടുംബങ്ങൾക്ക് ഒരുമിച്ചിരുന്ന് ആസ്വദിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഹാർബർ തീരത്തുള്ള ഫോർഷോർ പാർക്കിൽ ഒരുക്കിയിരിക്കുന്നത്. രാത്രിയിൽ ന്യൂകാസിലിന്റെ ആകാശത്തെ വർണ്ണാഭമാക്കുന്ന ഡ്രോൺ ലൈറ്റ് ഷോയും വെടിക്കെട്ടും പ്രധാന ആകർഷണമായിരിക്കും.
“പ്രാദേശിക സമൂഹങ്ങളെ വെളിച്ചത്തിന്റെ ഉത്സവത്തിലൂടെ ഒന്നിപ്പിക്കുക” (Connecting local communities through the festival of light) എന്ന ആശയത്തിലാണ് ഈ ബഹുസ്വര സാംസ്കാരിക ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. സിഡ്നിയിലെ മലയാളി കുടുംബങ്ങൾക്ക് അവധിദിനത്തിൽ ഒത്തുചേരാനും ദീപാവലി ആഘോഷങ്ങൾ നേരിട്ട് ആസ്വദിക്കാനുമുള്ള മികച്ചൊരു അവസരമായിരിക്കും ഇതെന്ന് സംഘാടകർ അറിയിച്ചു.

