മെൽബൺ: വടക്കൻ മെൽബണെ ഭക്തിസാന്ദ്രവും വർണ്ണാഭവുമാക്കി മാറ്റിക്കൊണ്ട് ദുർഗ്ഗാ പൂജ ആഘോഷങ്ങൾക്ക് തുടക്കമാകുന്നു. ഷാരിത് ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ദുർഗ്ഗോത്സവ് 2026’ ഒക്ടോബർ 16 മുതൽ 21 വരെ എപ്പിംഗ് സോക്കർ സ്റ്റേഡിയത്തിൽ അരങ്ങേറും.
ആറ് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന മഹോത്സവത്തിൽ പരമ്പരാഗത പൂജാകർമ്മങ്ങൾ, ധുനൂചി നാച്ച്, സിന്ദൂർ ഖേല, വിവിധ സാംസ്കാരിക പരിപാടികൾ, ഭോഗ് വിതരണം, കുട്ടികൾക്കായുള്ള പ്രത്യേക വിനോദ പരിപാടികൾ, ഗംഭീരമായ ഗർബ നൈറ്റ് എന്നിവ ഉണ്ടായിരിക്കും.
കഴിഞ്ഞ വർഷത്തെ മികച്ച വിജയത്തിന് പിന്നാലെയാണ് ഇത്തവണയും ഉത്സവം വിപുലമായി സംഘടിപ്പിക്കുന്നത്. പരമ്പരാഗത ഹിന്ദു കലണ്ടർ അനുസരിച്ച് ചിട്ടപ്പെടുത്തിയിട്ടുള്ള ചടങ്ങുകൾ വഴി മെൽബണിലെ വിവിധ സംസ്കാരങ്ങളിലുള്ള ആളുകളിലേക്ക് ദുർഗ്ഗാ പൂജയുടെ ആവേശം എത്തിക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. തികച്ചും സൗജന്യമായി നടക്കുന്ന ഈ കമ്മ്യൂണിറ്റി ആഘോഷത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

