ന്യൂഡൽഹി: ദുബായിൽ നിന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് വിമാന സർവീസിന് തടസ്സം നേരിട്ടു. ഡൽഹിയിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ മുൻഭാഗത്ത് പക്ഷി വന്നിടിക്കുകയായിരുന്നു. തുടർന്ന് ഗ്രൗണ്ട് ജീവനക്കാർ നടത്തിയ പരിശോധനയിൽ വിമാനത്തിന്റെ നോസ് കോൺ ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി.
ഡൽഹിയിൽ നിന്ന് ദുബായിലേക്ക് വൈകിട്ട് 4:30-ന് പുറപ്പെടേണ്ടിയിരുന്ന ഇ.കെ. 517 നമ്പർ മടക്കയാത്രയാണ് അപകടത്തെ തുടർന്ന് വൈകിയത്. കേടുപാടുകൾ പരിഹരിച്ച് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കേണ്ടതിനാലാണ് യാത്ര മാറ്റിവെച്ചതെന്നും, യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി.
യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എമിറേറ്റ്സ് അധികൃതർ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാർക്ക് വിമാനത്താവള അധികൃതർ ഹോട്ടലുകളിൽ താമസസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കും ശേഷം അടുത്ത ദിവസം രാവിലെ ഏഴുമണിയോടെ വിമാനം ദുബായിലേക്ക് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

