കൊച്ചി: മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരായ കേസിൽ ഹവാല ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ദുബായിൽ നിന്ന് ശേഖരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടികൾ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ലെറ്റേഴ്സ് റോഗറ്ററി (Letter of Request) കൈമാറാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. വിദേശത്തേക്ക് ഹവാല വഴി പണം കടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിദേശ രാജ്യങ്ങളിൽ നിന്ന് കേസുമായി ബന്ധപ്പെട്ട തെളിവുകളും വിവരങ്ങളും ശേഖരിക്കുന്നതിനായുള്ള ഔദ്യോഗിക നിയമനടപടി സ്വീകരിക്കുന്നത്.
ഇതിനായി കൊച്ചി പി.എം.എൽ.എ കോടതിയിൽ നിന്ന് അനുമതി തേടിയ ശേഷമായിരിക്കും തുടർനടപടികൾ. കോടതിയുടെ അനുമതി ലഭിച്ചാൽ അപേക്ഷ ധനകാര്യ മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും കൈമാറുകയും തുടർന്ന് ദുബായ് അധികൃതർക്ക് സമർപ്പിക്കുകയും ചെയ്യും. ആവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ചോദ്യാവലിയാണ് ദുബായിലേക്ക് അയക്കുക. അവിടെനിന്ന് ഔദ്യോഗിക വിവരങ്ങൾ ലഭ്യമായ ശേഷമായിരിക്കും മുഹമ്മദ് റിയാസിന് ഇ.ഡി സമൻസ് അയക്കുകയെന്നാണ് വിവരം.
ഹവാല വഴി പണം അയച്ച ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളാണ് പ്രധാനമായും ഇ.ഡി ആവശ്യപ്പെടുക. 2024 ജൂലൈ മുതൽ 2025 ജൂലൈ വരെയുള്ള കാലയളവിൽ റിയാസ് സുഹൃത്തുക്കളുമായി ചേർന്ന് ഹവാല ഇടപാടുകൾ നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം.

