മെൽബൺ: ഓസ്‌ട്രേലിയൻ സ്വതന്ത്ര പാർലമെന്റ് അംഗം ഹെലൻ ഹെയ്‌ൻസിനെ കാറിടിച്ച് അപായപ്പെടുത്തിയ സംഭവത്തിൽ ഭീകരവിരുദ്ധ അന്വേഷണസംഘവും അന്വേഷണം ആരംഭിച്ചു. വിക്ടോറിയ സംസ്ഥാനത്തെ വാങ്കരട്ടയിൽ തിങ്കളാഴ്ചയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ 65കാരിയായ ഹെയ്‌ൻസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 43കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹെയ്‌ൻസിന്റെ മണ്ഡല ഓഫീസിന് സമീപം സ്വന്തം വാഹനത്തിൽനിന്ന് സാധനങ്ങൾ എടുക്കുന്നതിനിടെയാണ് വെളുത്ത ടൊയോട്ട ലാൻഡ് ക്രൂസർ ഇടിച്ചത്. ഡ്രൈവർ യു-ടേൺ എടുത്തെത്തി ഹെയ്‌ൻസിനെ വാഹനത്തിലേക്ക് ഇടിച്ചുകയറ്റിയശേഷം പിന്നോട്ടെടുത്ത് വീണ്ടും ഇടിച്ചെന്നാണ് ദൃക്‌സാക്ഷികൾ നൽകിയ വിവരം. സമീപത്തുണ്ടായിരുന്നവർ ഇടപെട്ട് ഡ്രൈവറെ പിടികൂടി പൊലീസിന് കൈമാറി. പ്രതിയുടെ വാഹനത്തിൽനിന്ന് കത്തിയും കണ്ടെത്തി.

