മാഹി: വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാളിനോടനുബന്ധിച്ച് മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ നടന്നുവരുന്ന ആത്മീയാഘോഷങ്ങളുടെ ഭാഗമായി കൊങ്കണി ഭാഷയിൽ ദിവ്യബലി അർപ്പിച്ചു. തിരുനാളിന്റെ പതിനഞ്ചാം നാൾ നടന്ന ദിവ്യബലിയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.
ഫാദർ വാൾട്ടർ ഡിസൂസ മുഖ്യകാർമികത്വം വഹിച്ചു. ഫാദർ ഡോ. അലക്സ് കളരിക്കൽ, ഫാദർ സുദീപ്, ഡീക്കൻ മാ രായ സെബാസ്റ്റ്യൻ കണിയാംപറമ്പിൽ, ഡീക്കൻ ആന്റണി കുന്നുംപുറം എന്നിവർ സഹകാർമികരായി. ദിവ്യബലിക്കുശേഷം നൊവേനയും പരിശുദ്ധ കുർബാനയുടെ ആശീർവാദവും നടന്നു. വിൻസെന്റ് ഡി പോൾ സൊസൈറ്റിയും സെന്റ് ജോസഫ് സംഘവുമാണ് ദിവ്യബലിക്ക് നേതൃത്വം നൽകിയത്.
തിരുനാൾ ആരംഭിച്ച നാൾ മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും മംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്നും നിരവധി വിശ്വാസികളും സന്ദർശകരും മാഹിയിലെത്തുന്നുണ്ട്. വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവരും ആഘോഷങ്ങളിൽ പങ്കുചേരുന്നതിനാൽ മാഹിക്കാർ ഈ തിരുനാളിനെ മതസൗഹാർദത്തിന്റെയും മതേതരത്വത്തിന്റെയും ഉത്സവമായാണ് കാണുന്നത്.
തിരുനാൾ ജാഗരദിനത്തിൽ കഴിഞ്ഞദിവസം കോഴിക്കോട് അതിരൂപത വികാരി ജനറൽ മോൺ. ഡോ. ജെൻസൺ പുത്തൻവീട്ടിൽ ബസിലിക്കയിൽ തിരുസ്വരൂപത്തിൽ ഡൂ പാർച്ചന നടത്തി. ഫാദർ വാൾട്ടർ ഡിസൂസ യും അമ്മ ത്രേസ്യയുടെ തിരുസ്വരൂപത്തിനു മുന്നിൽ ഡൂ പാർച്ചന നടത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ബസിലിക്കയിലും പരിസരത്തും വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
മാഹിയിലെ പ്രധാന തീർഥാടനകേന്ദ്രങ്ങളിലൊന്നായ സെന്റ് തെരേസാസ് ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ കാലത്ത് പ്രാർഥനകൾക്കും നേർച്ചകൾക്കും ദർശനത്തിനുമായി നിരവധി വിശ്വാസികൾ എത്തുന്നു. തലമുറകളായി തുടരുന്ന ഈ തിരുനാൾ മാഹിയുടെ ആത്മീയവും സാംസ്കാരികവുമായ ജീവിതത്തിൽ ശ്രദ്ധേയമായ സ്ഥാനമാണ് വഹിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ ഏഴിന് ദിവ്യബലി നടക്കും. ഫാദർ മനോജ് എസ്. ദാസ് കാർമികത്വം വഹിക്കും. 20ന് വൈകിട്ട് ആറുമണിക്ക് മൂന്ന് വൈദികർ ചേർന്ന് ആഘോഷമായ ദിവ്യബലി അർപ്പിക്കും ഒക്ടോബർ 21ന് വൈകിട്ട് ആറിന് സീറോ മലബാർ റീത്തിൽ മാനന്തവാടി രൂപത സഹായ മെത്രാൻ അലക്സ് താര മംഗലത്തിന്റെ കാർമികത്വത്തിൽ ആഘോഷമായി ദിവ്യബലി ഉണ്ടാകും. ഒൿടോബർ 22ന് രാവിലെ 10:30ന് ദിവ്യബലിക്ക് ശേഷം പ്രദക്ഷിണം നടക്കും ഉച്ചകഴിഞ്ഞ് തിരുനാളിന് കൊടിയിറങ്ങും. മയ്യഴിയെ ഭക്തിസാന്ദ്രമാക്കി ആത്മീയതയുടെ രഥയാത്രയും കഴിഞ്ഞദിവസം നടന്നിരുന്നു. വിവിധ ദേശങ്ങളിൽനിന്നുള്ള വിശ്വാസികളുടെ പങ്കാളിത്തവും മതസൗഹാർദത്തിന്റെ സന്ദേശവും വിളിച്ചോതുന്നതാണ് മാഹി പള്ളി പെരുന്നാൾ.
റിപ്പോര്ട്ട്: വി. രാജേഷ് മോഹൻ റാവു
ധർമ്മടം, തലശ്ശേരി

