കണ്ണൂർ: മുൻ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ അന്വേഷണസംഘം കൃത്രിമമായി മൊഴികൾ ചമച്ചെന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ കേസ് പുതിയ തലത്തിലേക്ക്. സംഭവസമയം റെയിൽവേ സ്റ്റേഷനിൽ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മുൻ കണ്ണൂർ ടൗൺ എസ്.ഐ ദീപ്തിയാണ് കേസിൽ തന്റേതായി രേഖപ്പെടുത്തിയത് വ്യാജമൊഴിയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മുന്നിൽ വെളിപ്പെടുത്തിയത്. കെ.എസ്.യു പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന് താൻ പറഞ്ഞതായി ആദ്യ അന്വേഷണസംഘം വ്യാജരേഖ ചമയ്ക്കുകയായിരുന്നുവെന്നും യഥാർത്ഥത്തിൽ അവർ തന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ലെന്നും ദീപ്തി വ്യക്തമാക്കി.
അതിനിടെ, കേസിൽ വ്യാജമൊഴി നൽകിയ വീണാ ജോർജിന്റെ മുൻ ഗൺമാൻ അഭിലാഷിനെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകാൻ എസ്.ഐ.ടി തീരുമാനിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ മാരകായുധങ്ങളുമായി മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന അഭിലാഷിന്റെ ആദ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് പേർക്കെതിരെ വധശ്രമക്കുറ്റം ചുമത്തി കേസെടുത്തിരുന്നത്. എന്നാൽ, പിന്നീട് എസ്.ഐ.ടിക്ക് മുന്നിൽ ഇയാൾ മൊഴി തിരുത്തുകയും മന്ത്രിയെ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് കളവായ മൊഴി നൽകിയതെന്നും സമ്മതിച്ചു. ഇതോടെ മുൻ മന്ത്രി കൂടുതൽ പ്രതിരോധത്തിലായ സാഹചര്യത്തിൽ, വിഷയത്തിൽ വീണാ ജോർജ് പരസ്യമായി മാപ്പ് പറയണമെന്ന് അബിൻ വർക്കി എം.എൽ.എ ആവശ്യപ്പെട്ടു.
എസ്.ഐ.ടി തലവൻ യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘം കേസിൽ പ്രതിചേർക്കപ്പെട്ട കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പേരുടെ മൊഴികൾ രേഖപ്പെടുത്തി. ആദ്യഘട്ട അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്ന്, ഗൺമാന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പരിശോധനകളില്ലാതെ കേസെടുത്ത റെയിൽവേ പോലീസ് ഇൻസ്പെക്ടറെ ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

