കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ മുഖ്യപ്രതി സുഹൈൽ സജീവ് കാറോടിച്ചിരുന്നത് മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗതയിലായിരുന്നുവെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അപകടത്തിന് ശേഷം 120 കിലോമീറ്റർ വേഗതയിലായിരുന്നു വാഹനമോടിച്ചതെന്നാണ് സുഹൈൽ പോലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങളും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങളും പരിശോധിച്ചതോടെയാണ് വാഹനം അതിവേഗത്തിലായിരുന്നുവെന്ന് വ്യക്തമായത്.
എയർപോർട്ട് റോഡിലെ ക്യാമറകൾ പരിശോധിച്ചതിൽ നിന്നും വെറും 11 സെക്കൻഡുകൊണ്ടാണ് കാർ അരക്കിലോമീറ്റർ ദൂരം പിന്നിട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മാസം 11-ന് പുലർച്ചെ 1.41-നാണ് കാർ സ്കൂട്ടറിൽ ഇടിക്കുന്നത്. അപകടത്തിന് തൊട്ടുമുമ്പുള്ള 60 സെക്കൻഡിൽ വാഹനത്തിന്റെ വേഗത മണിക്കൂറിൽ 140-ൽ നിന്ന് 160 കിലോമീറ്റർ വരെയായി ഉയർന്നിരുന്നതായാണ് നിഗമനം. കൂട്ടുപ്രതികളായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ഫോണുകൾ പരിശോധിച്ചതിൽ നിന്നും അപകടദിവസത്തെ മരണപ്പാച്ചിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. അപകടമുണ്ടാകുന്നതിന് മുൻപും ഇതേ റോഡിലൂടെ ഇവർ അതിവേഗത്തിൽ കാറോടിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്.
കാറിന് മറ്റ് സാങ്കേതിക തകരാറുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കൃത്യമായ വേഗത കണ്ടെത്താനായി വാഹനത്തിന്റെ ‘ഇവന്റ് ഡാറ്റാ റെക്കോർഡർ’ (EDR) ജർമനിയിലെ ബിഎംഡബ്ല്യു ആസ്ഥാനത്തേക്ക് പരിശോധനയ്ക്കായി അയച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ മജിസ്ട്രേറ്റ് കാറിന്റെ വേഗത സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഇഡിആർ റിപ്പോർട്ടിനൊപ്പം കൂടുതൽ ശാസ്ത്രീയ തെളിവുകൾ സമാഹരിച്ച് സെഷൻസ് കോടതിയിൽ ഹാജരാക്കാൻ പോലീസ് ഒരുങ്ങുന്നത്. പ്രദേശത്തെ അൻപതോളം സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്.

