ജിഡ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

കൊച്ചി: ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ (ജിഡ) നേതൃത്വത്തിലുള്ള വിവിധ വികസന പ്രവർത്തനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ പൂർത്തിയാക്കണമെന്ന് ജിഡ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശിച്ചു. ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന 38-ാമത് ജനറൽ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പദ്ധതി പൂർത്തിയാക്കാൻ നിശ്ചയിച്ചിട്ടുള്ള കാലാവധി രണ്ട് വർഷമാണെങ്കിൽ ആ സമയത്തിനുള്ളിൽ തന്നെ നിർമ്മാണം തീർക്കണമെന്നും യാതൊരു കാരണവശാലും അത് മൂന്നാം വർഷത്തിലേക്ക് ദീർഘിപ്പിക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി. പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കൽ, ഭരണാനുമതി, സാങ്കേതികാനുമതി, ടെൻഡർ നടപടികൾ എന്നിവ അതിവേഗം പൂർത്തിയാക്കുന്ന മാതൃകാപരമായ സംവിധാനമായി ജിഡ മാറണം.

ഗോശ്രീ പാലത്തിന് സമാന്തരമായുള്ള പാലങ്ങളും വിവിധ ദ്വീപുകളിലേക്കുള്ള കണക്റ്റിവിറ്റിയും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി മെച്ചപ്പെടുത്തേണ്ടതുണ്ട്. കൊച്ചിയെയും സമീപ പ്രദേശങ്ങളെയും പ്രമുഖ ടൂറിസം കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള സമഗ്രമായ വികസന പദ്ധതികളാണ് നടപ്പിലാക്കേണ്ടത്. നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി കൃത്യമായി വിലയിരുത്തുന്നതിനായി രണ്ടു മൂന്നു മാസങ്ങൾ കൂടുമ്പോൾ യോഗങ്ങൾ ചേരുമെന്നും മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *