ന്യൂഡൽഹി: രാജ്യത്തെ പൊലീസ് സേനകൾ ഉൾപ്പെടെയുള്ള പൊതുസുരക്ഷാ ഏജൻസികൾ തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താൻ പുതിയ ബ്രോഡ്ബാൻഡ് ശൃംഖല നടപ്പാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബ്രോഡ്ബാൻഡ് പബ്ലിക് പ്രൊട്ടക്ഷൻ ആൻഡ് ഡിസാസ്റ്റർ റിലീഫ് (BB-PPDR) എന്ന പേരിലുള്ള സംവിധാനത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളിൽനിന്നും ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരിൽനിന്നും മന്ത്രാലയം നിർദേശങ്ങൾ ക്ഷണിച്ചു.
സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ പൊലീസ് സേനകൾ, കേന്ദ്ര സായുധ പൊലീസ് സേനകൾ (CAPF), ദേശീയ ദുരന്തനിവാരണ സേന (NDRF), അഗ്നിരക്ഷാസേന, ആരോഗ്യസേവന വിഭാഗങ്ങൾ തുടങ്ങിയവയെ ഏകോപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അടിയന്തര സാഹചര്യങ്ങളിലും പ്രകൃതിദുരന്തങ്ങളിലും ആശയവിനിമയം തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനും വിവിധ ഏജൻസികൾക്ക് വിവരങ്ങൾ വേഗത്തിൽ കൈമാറുന്നതിനും സംവിധാനം സഹായകമാകുമെന്നാണ് പ്രതീക്ഷ.
നിർദിഷ്ട സംവിധാനത്തിലൂടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഗ്രൂപ്പ് കോളുകൾ, തത്സമയ വിവരങ്ങൾ, വീഡിയോ ദൃശ്യങ്ങൾ എന്നിവ സുരക്ഷിതമായി കൈമാറാനാകും. വൻദുരന്തങ്ങൾ, വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ സാഹചര്യങ്ങളിൽ സാധാരണ മൊബൈൽ നെറ്റ്വർക്കുകൾ തകരാറിലാകുകയോ തിരക്ക് കാരണം ആശയവിനിമയം തടസ്സപ്പെടുകയോ ചെയ്താലും അടിയന്തര സേവനങ്ങൾക്ക് ബന്ധം നിലനിർത്താനുള്ള സംവിധാനങ്ങളും പരിഗണനയിലുണ്ട്.
നിലവിലുള്ള ടെലികോം അടിസ്ഥാനസൗകര്യങ്ങൾ ഉപയോഗിക്കുന്നതും സർക്കാർ നിയന്ത്രിത പ്രത്യേക ശൃംഖല രൂപീകരിക്കുന്നതും ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണ്. സാങ്കേതികവിദ്യ, ശൃംഖലയുടെ രൂപകൽപ്പന, ചെലവ്, കാര്യക്ഷമത, ഇന്ത്യൻ സാഹചര്യങ്ങളിലെ പ്രായോഗികത എന്നിവ സംബന്ധിച്ച അഭിപ്രായങ്ങളാണ് മന്ത്രാലയം തേടുന്നത്. വിവിധ സാഹചര്യങ്ങളിൽ സംവിധാനം പരീക്ഷിക്കുന്നതിനായി പത്ത് സ്ഥലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതികൾ നടപ്പാക്കാനും നിർദേശമുണ്ട്.
നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 5 ആണ്. ആഭ്യന്തര മന്ത്രാലയത്തിന്റെയും ഡയറക്ടറേറ്റ് ഓഫ് കോ-ഓർഡിനേഷൻ പൊലീസ് വയർലെസിന്റെയും (DCPW) വെബ്സൈറ്റുകളിൽ പദ്ധതിയുടെ വിശദാംശങ്ങൾ ലഭ്യമാണ്. നിർദേശങ്ങൾ dd-ppdr@dcpw.gov.in, ad.ppdr@dcpw.gov.in എന്നീ ഇമെയിൽ വിലാസങ്ങളിലേക്ക് അയയ്ക്കാം. ഇമെയിലിന്റെ വിഷയത്തിൽ BB-PPDR Architecture – Stakeholder Feedback എന്ന് രേഖപ്പെടുത്തണം.

