ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്റിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരാൾ മരിച്ചു. തിങ്കളാഴ്ച (ഒക്ടോബർ 26) ഫ്രേസർ കോസ്റ്റ് മേഖലയിലെ ബൂംപ റോഡിന് (Boompa Road) സമീപത്തെ വെള്ളക്കെട്ടിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
മറ്റൊരു സംഭവത്തിൽ, ലെയ്ബേണിലെ ക്യാമ്പ് ഗ്രൗണ്ടിൽ വെള്ളപ്പൊക്കത്തെ തുടർന്ന് കുടുങ്ങിപ്പോയ ആറുപേരെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. ഇവർക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്തുടനീളം കനത്ത മഴയെത്തുടർന്ന് പലയിടങ്ങളിലും മിന്നൽപ്രളയം രൂപപ്പെടുകയും നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുകയും ചെയ്തിട്ടുണ്ട്. റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ബ്ലാക്ക്ഡൗൺ ടേബിൾലാൻഡിൽ നാല് ദിവസത്തിനിടെ 439.4 മില്ലിമീറ്റർ മഴയാണ് പെയ്തിറങ്ങിയത്. സംസ്ഥാനത്തെ പ്രധാന നദികളിൽ ഇപ്പോഴും പ്രളയമുന്നറിയിപ്പ് പ്രാബല്യത്തിൽ തുടരുകയാണ്.
വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ ഓടിക്കരുതെന്നും നടക്കുകയോ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുകയോ ചെയ്യരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡ് അടച്ചുകൊണ്ടുള്ള ബോർഡുകളും ഔദ്യോഗിക സുരക്ഷാ മുന്നറിയിപ്പുകളും നിർബന്ധമായും പാലിക്കണമെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.

