തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായുള്ള നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിലെ നിബന്ധനകളിൽ നിർണായക മാറ്റങ്ങൾ വരുത്തി. ഇൻഷുറൻസിൽ അംഗങ്ങളായി ചേരുന്നതിനുള്ള ഉയർന്ന പ്രായപരിധിയായ 70 വയസ്സ് എന്നത് പൂർണമായും ഒഴിവാക്കുകയും മാതാപിതാക്കളുടെ പ്രായപരിധി 110 വയസ്സുവരെയായി ഉയർത്തുകയും ചെയ്തു. ഇതോടൊപ്പം പദ്ധതിക്ക് കീഴിൽ വരുന്ന ഗുരുതര രോഗങ്ങൾക്കുള്ള (ക്രിട്ടിക്കൽ ഇൽനസ്) ക്ലെയിം പരിധി 20 ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
ക്യാൻസർ, ഹാർട്ട് അറ്റാക്ക്, ബൈപ്പാസ് സർജറി, ഹൃദയവാൽവ് മാറ്റിവെക്കൽ, സ്ട്രോക്ക്, കിഡ്നി ഫെയിലർ, വെന്റിലേഷൻ ആവശ്യമുള്ള റെസ്പിറേറ്ററി ഫെയിലർ എന്നീ രോഗങ്ങൾക്കാണ് ഈ നിയന്ത്രണം ബാധകമാകുന്നത്. ഈ അസുഖങ്ങൾക്കുള്ള ചികിത്സയ്ക്ക് പോളിസി പ്രകാരമുള്ള ഇൻഷുറൻസ് പരിരക്ഷാ തുകയും നിശ്ചയിച്ചിട്ടുള്ള 20 ലക്ഷം രൂപയും തമ്മിൽ ഏതാണോ കുറവ്, അത്രയും തുക മാത്രമായിരിക്കും ക്ലെയിമായി ലഭിക്കുക. മൂന്ന് ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയുള്ള പോളിസികളാണ് നോർക്ക കെയർ പദ്ധതിയിലൂടെ തിരഞ്ഞെടുക്കാൻ സാധിക്കുന്നത്.

