ന്യൂഡൽഹി: ഇന്ത്യക്കാർക്കുള്ള വിസ അപേക്ഷാ നടപടിക്രമങ്ങളിൽ ചൈന കാതലായ മാറ്റങ്ങൾ വരുത്തി. പുതുക്കിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. പുതിയ പരിഷ്കാരം അനുസരിച്ച് ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ വിസ അപേക്ഷാ കേന്ദ്രങ്ങൾ (CVAC) വഴി പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചു. പകരം ചൈനീസ് എംബസിയും കോൺസുലേറ്റുകളും നേരിട്ടാണ് ഇനി അപേക്ഷകൾ സ്വീകരിക്കുകയും പരിശോധനാ നടപടികൾ പൂർത്തിയാക്കുകയും ചെയ്യുക.
വിസക്കായി അപേക്ഷിക്കുന്നവർ ആദ്യം ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി ഫോം പൂരിപ്പിച്ച് രേഖകൾ സമർപ്പിക്കണം. ഈ ഘട്ടത്തിൽ ഫീസ് നൽകേണ്ടതില്ല. ഓൺലൈൻ പരിശോധന വിജയകരമായി പൂർത്തിയായതായി ഇമെയിൽ വഴി അറിയിപ്പ് ലഭിച്ച ശേഷം മാത്രമേ പാസ്പോർട്ടും അപേക്ഷാ ഫോമും അനുബന്ധ രേഖകളും നേരിട്ട് എംബസിയിലോ കോൺസുലേറ്റിലോ സമർപ്പിക്കാവൂ. ഇമെയിൽ അറിയിപ്പ് ലഭിച്ച് 30 ദിവസത്തിനകമാണ് രേഖകൾ നേരിട്ട് എത്തിക്കേണ്ടത്.
അപേക്ഷകരുടെ സ്ഥിരതാമസ സ്ഥലം അടിസ്ഥാനമാക്കിയാണ് അപേക്ഷ സമർപ്പിക്കേണ്ട ഓഫീസ് നിശ്ചയിച്ചിട്ടുള്ളത്. മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ മുംബൈയിലെ ചൈനീസ് കോൺസുലേറ്റ് ജനറലിലാണ് അപേക്ഷ നൽകേണ്ടത്. പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മറ്റ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അപേക്ഷകരും താൽക്കാലികമായി ഡൽഹിയിലെ ചൈനീസ് എംബസിയെയാണ് സമീപിക്കേണ്ടത്.
ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ അപേക്ഷാ കേന്ദ്രങ്ങളിൽ നിന്ന് പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെങ്കിലും, നേരത്തേ അപേക്ഷിച്ചവർക്ക് നടപടികൾ പൂർത്തിയായ രേഖകൾ ഒക്ടോബർ 30 ഉച്ചയ്ക്ക് 12 മണിവരെ നിലവിലെ കേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റാൻ സാധിക്കും. ഒക്ടോബർ 23 വൈകീട്ട് അഞ്ചിന് ശേഷം ഓൺലൈനായി അപേക്ഷ സമർപ്പിച്ചവരിൽ നിന്ന് സർവീസ് ഫീസ് ഈടാക്കില്ല. എന്നാൽ ഇതിനു മുമ്പ് അടച്ച സർവീസ് ഫീസ് തിരികെ ലഭിക്കില്ലെന്നും വിസയ്ക്കായി ചൈനീസ് അധികൃതർ ഈടാക്കുന്ന നിശ്ചിത ഫീസ് പ്രത്യേകം അടയ്ക്കണമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ഹ്രസ്വകാല വിസകൾക്ക് അപേക്ഷിക്കുന്നവർക്ക് വിരലടയാളം നൽകുന്നതിൽ ഡിസംബർ 31 വരെ നൽകിയിട്ടുള്ള താൽക്കാലിക ഇളവ് തുടരും.

