ആകാശത്ത് ആഡംബര വീടൊരുക്കി ഇത്തിഹാദ് എയർവേസ്; ബാങ്കോക്ക് റൂട്ടിൽ എ380 സർവീസ് തുടങ്ങി

അബൂദബി: യാത്രാവിമാനത്തിനുള്ളിൽ വീടിന് സമാനമായ അത്യാഡംബര സൗകര്യങ്ങൾ ഒരുക്കി യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസ്. ലിവിങ് റൂം, ബെഡ്റൂം, ഷവർ അടക്കമുള്ള ബാത്ത്റൂം എന്നിവയുൾപ്പെടുന്ന മൂന്ന് മുറികളുടെ സ്വകാര്യ സ്യൂട്ടാണ് ആകാശയാത്രയിൽ ഒരുക്കിയിരിക്കുന്നത്. അബൂദബി – ബാങ്കോക്ക് റൂട്ടിൽ സർവീസ് നടത്തുന്ന ഇത്തിഹാദ് എയർവേസിന്റെ എയർബസ് എ380 ഡബിൾ ഡെക്കർ വിമാനത്തിലാണ് ‘ദി റെസിഡൻസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രീമിയം സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. തിങ്കളാഴ്ചയാണ് ഈ റൂട്ടിൽ എ380 വിമാനം ആദ്യ സർവീസ് ആരംഭിച്ചത്.

വാണിജ്യ വ്യോമയാന ചരിത്രത്തിൽ ആദ്യമായാണ് വിമാനത്തിനുള്ളിൽ മൂന്ന് മുറികളുള്ള സ്വകാര്യ സ്യൂട്ട് ഒരുക്കുന്നത്. 125 ചതുരശ്രയടി വിസ്തീർണമുള്ള ഈ സ്യൂട്ട് രണ്ട് യാത്രക്കാർക്ക് ഒരുമിച്ച് ഉപയോഗിക്കാം. ഇരട്ടക്കിടക്കയുള്ള കിടപ്പുമുറി, രണ്ട് പേർക്കിരിക്കാവുന്ന അത്യാധുനിക സോഫയടങ്ങിയ ലിവിങ് റൂം, ഫുൾ ലെങ്ത് ഷവറോട് കൂടിയ സ്വകാര്യ ബാത്ത്റൂം എന്നിവയാണ് ഇതിന്റെ സവിശേഷതകൾ. കൂടാതെ അതിവേഗ സൗജന്യ വൈഫൈ, അത്യാഡംബര കിടക്ക, പ്രത്യേകം രൂപകൽപ്പന ചെയ്ത ലൗഞ്ച് വസ്ത്രങ്ങൾ, ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന വിഭവങ്ങൾ എന്നിവയും യാത്രികർക്ക് ലഭ്യമാകും. അബൂദബിയിലെത്തിച്ചേരുന്ന യാത്രക്കാർക്കായി ചോഫർ (ഷോഫർ) ഡ്രൈവർ സർവീസും എയർപോർട്ടിലെ സ്വകാര്യ ലൗഞ്ച് സ്യൂട്ട് പ്രവേശനവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

‘ദി റെസിഡൻസി’ന് പുറമെ, യാത്രക്കാർക്ക് പൂർണ സ്വകാര്യത ഉറപ്പാക്കുന്ന സ്ലൈഡിങ് ഡോറുകളോടുകൂടിയ ഒമ്പത് ഫസ്റ്റ് ക്ലാസ് അപ്പാർട്ട്‌മെന്റുകളും എ380 വിമാനത്തിലുണ്ട്. അബൂദബിയിൽ നിന്ന് രാത്രി 9.20-ന് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം രാവിലെ 6.35-ന് ബാങ്കോക്കിലെത്തും. മടക്കയാത്രയിൽ ബാങ്കോക്കിൽനിന്ന് രാവിലെ 8.35-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.20-ന് അബൂദബിയിൽ തിരിച്ചെത്തും. ശൈത്യകാല ടൂറിസം സീസൺ കണക്കിലെടുത്ത് യാത്രക്കാരുടെ വർധിച്ച തിരക്ക് പരിഹരിക്കുന്നതിനാണ് ഈ റൂട്ടിൽ എ380 വിമാനം വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ ടോക്കിയോയിലേക്ക് പ്രതിദിന സർവീസ് ആരംഭിച്ചതിന് പിന്നാലെയാണ് ബാങ്കോക്കും ഇത്തിഹാദിന്റെ എ380 ശൃംഖലയുടെ ഭാഗമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *