തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ റാലി; പിന്തുണയുമായി സിജെപി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം നവംബർ ഒന്നിന് ഡൽഹിയിൽ നടത്തുന്ന റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് കൊക്രോച്ച് ജനതാ പാർട്ടി (സിജെപി). വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്ഐആർ) നടപടിയിൽ അർഹരായ വോട്ടർമാർ ഒഴിവാക്കപ്പെടുന്നുവെന്ന ആരോപണത്തെ തുടർന്നാണ് സിജെപി സമരത്തിന് പിന്തുണ നൽകിയത്.

തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട സ്ഥാപനമാണെന്നും വോട്ടവകാശം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കമ്മിഷനുണ്ടെന്നും സിജെപി പ്രസ്താവനയിൽ വ്യക്തമാക്കി. ജനങ്ങളാണ് ആരാണ് ഭരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത്, സർക്കാർ ആരാണ് വോട്ട് ചെയ്യേണ്ടതെന്ന് തീരുമാനിക്കേണ്ടതല്ലെന്നും പാർട്ടി ആരോപിച്ചു.

എസ്ഐആർ നടപടിയിലൂടെ ഈ അടിസ്ഥാന ജനാധിപത്യ തത്വം ലംഘിക്കപ്പെട്ടുവെന്നാണ് സിജെപിയുടെ വാദം. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള വിശ്വാസ്യത ഗ്യാനേഷ് കുമാറിന് നഷ്ടപ്പെട്ടെന്നും കമ്മിഷന്റെ വിശ്വാസ്യത വീണ്ടെടുക്കാൻ അദ്ദേഹത്തിന്റെ രാജി അനിവാര്യമാണെന്നും പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.

ഭരണഘടനാ നിർമാണസഭയിലെ ബി.ആർ. അംബേദ്കർ, ജവഹർലാൽ നെഹ്റു തുടങ്ങിയ നേതാക്കൾ മുന്നോട്ടുവച്ച സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തിന്റെ ആശയവും സിജെപി ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കുകയാണ് വേണ്ടതെന്നും അർഹരായ പൗരന്മാരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുകയല്ല വേണ്ടതെന്നും പാർട്ടി വ്യക്തമാക്കി.

സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പിനായി പ്രവർത്തിക്കുന്ന സംഘടനകൾക്ക് പിന്തുണ നൽകുമെന്നും സിജെപി അറിയിച്ചു. പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ എക്സിൽ പങ്കുവച്ച പ്രസ്താവനയിൽ ‘രാജ്യമാണ് പ്രധാനം’ എന്ന മുദ്രാവാക്യവും ഉയർത്തി.

ഇന്ത്യാ സഖ്യത്തിന്റെ റാലി നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്താണ് നടക്കുക. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് റാലി സംഘടിപ്പിക്കുന്നത്. വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾ കമ്മിഷൻ നിഷേധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *