സിഹാനൂക്വിൽ (കംബോഡിയ): ഇന്ധനച്ചെലവ് കുത്തനെ ഉയർന്നതിനെത്തുടർന്ന് ലോകപര്യടനം നടത്തുന്ന യുഎസ് ആഡംബര കപ്പലായ വില്ല വീ ഒഡീസിയുടെ യാത്ര താൽക്കാലികമായി നിർത്തിവച്ചു. കപ്പൽ കമ്പനിയായ വില്ല വീ റെസിഡൻസസ് പ്രവർത്തനം നിർത്തിവച്ചതോടെ കപ്പലിലുണ്ടായിരുന്ന 203 യാത്രക്കാരും 156 ജീവനക്കാരും കംബോഡിയയിലെ സിഹാനൂക്വിൽ തുറമുഖത്തെത്തി. യാത്രക്കാർക്ക് താൽക്കാലിക താമസസൗകര്യം ഒരുക്കാനുള്ള നടപടികൾ കമ്പനി ആരംഭിച്ചിട്ടുണ്ട്.
ഇറാനെതിരായ യുദ്ധത്തെത്തുടർന്ന് ഇന്ധനവില ഉയർന്നതാണ് പ്രവർത്തനം തുടരാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയതെന്ന് കമ്പനി അറിയിച്ചു. ഏഷ്യൻ മേഖലകളിൽ ഒരു കാബിനുള്ള പ്രതിമാസ ഇന്ധനച്ചെലവ് നേരത്തേ ശരാശരി 1,800 ഡോളറായിരുന്നത് 6,000 മുതൽ 8,000 ഡോളർ വരെയായി ഉയർന്നതായി കമ്പനി വ്യക്തമാക്കി. യാത്രയുടെ വേഗം കുറയ്ക്കുകയും തുറമുഖങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്തെങ്കിലും ചെലവുവർധന നികത്താനായില്ല.
കപ്പലിലെ താമസക്കാർക്ക് മുഴുവൻ അധിക ഇന്ധനച്ചെലവും കൈമാറുന്നത് പ്രായോഗികമല്ലെന്നും ഇതോടെ നിലവിലെ പ്രവർത്തനരീതി സാമ്പത്തികമായി നിലനിർത്താനാകാത്ത അവസ്ഥയിലായെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. അടുത്ത 60 ദിവസത്തിനുള്ളിൽ സാമ്പത്തിക പുനഃസംഘടനയ്ക്കും പുതിയ നിക്ഷേപം കണ്ടെത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. എന്നാൽ ഇതിനായി ധനസഹായം ഉറപ്പായിട്ടില്ല.
ചൊവ്വാഴ്ചയാണ് യാത്രക്കാരോട് കപ്പലിൽനിന്ന് ഇറങ്ങാൻ നിർദേശിച്ചത്. ചിലർ വിമാനമാർഗം നാട്ടിലേക്ക് മടങ്ങിയപ്പോൾ മറ്റുചിലർ കംബോഡിയയിൽ തുടരുകയാണ്. കപ്പലിൽ ദീർഘകാല താമസത്തിനായി പണം മുടക്കിയവരിൽ വിരമിച്ചവരും വിദൂരജോലി ചെയ്യുന്നവരുമുണ്ട്. ചിലർ കപ്പലിലെ കാബിനുകൾ സ്ഥിരതാമസത്തിനായി വാങ്ങിയവരാണ്.
വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽനിന്ന് 2024 ഒക്ടോബറിലാണ് ഒഡീസി ലോകപര്യടനം ആരംഭിച്ചത്. മൂന്നര വർഷംകൊണ്ട് ഏകദേശം 150 രാജ്യങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യം. 650 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള കപ്പലിൽ സ്ഥിരതാമസത്തിനും ദീർഘകാല താമസത്തിനുമായി കാബിനുകൾ വിൽക്കുകയും വാടകയ്ക്ക് നൽകുകയും ചെയ്തിരുന്നു.
യാത്രക്കാരുടെ താമസവും യാത്രയും സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുകയാണ്. കപ്പൽ വീണ്ടും യാത്ര ആരംഭിക്കുമോ എന്ന കാര്യത്തിൽ കമ്പനി അന്തിമ ഉറപ്പ് നൽകിയിട്ടില്ല. കംബോഡിയൻ അധികൃതരുടെ അറിയിപ്പനുസരിച്ച് കപ്പൽ ഇന്ധനം നിറച്ചശേഷം ഒക്ടോബർ 31-ന് പുറപ്പെടുമെന്നാണ് പ്രതീക്ഷ. എന്നാൽ ലോകപര്യടനം പുനരാരംഭിക്കുന്നതിനെക്കുറിച്ച് വ്യക്തമായ പ്രഖ്യാപനം ഉണ്ടായിട്ടില്ല.

